
രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരുമെന്ന് പ്രശാന്ത് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. ദേവസ്വം ബോർഡ് അംഗമായിരുന്ന സിപിഐ നേതാവ് അജികുമാറിനെയും എസ്ഐടി അറസ്റ്റ് ചെയ്തു. 2025 ൽ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണം പൂശാൻ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്.
രാഷ്ട്രീയ സമ്മർദം മൂലം ഉടൻ അറസ്റ്റിലാകുമെന്ന് രാവിലെ പ്രശാന്ത് ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. 2019 ലെ ശബരിമല സ്വർണ്ണ മോഷണ കേസ് പുറത്ത് വരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത തങ്ങളുടെ ബോർഡിനേയും പ്രതിയാക്കിയെന്നാണ് പ്രശാന്തിന്റെ ആരോപണം. ഈ സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദ്ദമാണ് കാരണം. ഈ കേസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കും. എന്നാൽ ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെ തുറന്ന് കാട്ടുകയും ചെയ്യുമെന്ന് പ്രശാന്ത് ഫേസ് ബുക്ക് കുറിപ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇടത് സർക്കാർ നിയോഗിച്ച മൂന്നാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്റാണ് ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായത്. ഇന്ന് രാവിലെ കരകുളത്തെ വീട്ടിലെത്തിയാണ് എസ്ഐടി പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. നേരെ കൊല്ലം പൊലീസ് ക്ലബിലേക്ക്. അവിടെ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി. 2019ലെ ശബരിമല സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് പ്രശാന്തിൻറെ കാലത്ത് 2025ൽ ദ്വാരപാലക പാളികൾ സ്വർണ്ണം പൂശാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് കൈമാറിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഹൈക്കോടതിയുടെ മുൻകൂർ അനുമതി ചോദിക്കാതിരുന്നത് സാങ്കേതിക പിഴവെന്നാണ് പ്രശാന്തിന്റെ വാദം.



