
സംസ്ഥാനത്ത് സമാനതകളില്ലാത്ത രീതിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കൃത്യമായ സമയമോ ക്രമീകരണമോ മുന്നറിയിപ്പോ ഇല്ലാതെ പവര്‍കട്ട് ഏര്‍പ്പെടുത്തിയതില്‍ ജനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളുടെ ഭരണപരമായ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കാന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മേല്‍ കുറ്റം ചാരി രക്ഷപ്പെടാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ വിഫല ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. 465 മെഗാവാട്ടിന്റെ ദീര്‍ഘകാല പവര്‍ പര്‍ച്ചേസ് കരാര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന യുഡിഎഫിന്റെ വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2015ല്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട ദീര്‍ഘകാല കരാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയോ റെഗുലേറ്ററി കമ്മീഷന്റെയോ മുന്‍കൂര്‍ അനുമതിയില്ലാത്തതായായിരുന്നു. കെഎസ്ഇബി ഏകപക്ഷീയമായി ഉണ്ടാക്കിയ കരാറിലെ നിയമപ്രശ്‌നങ്ങളാണ് റെഗുലേറ്ററി കമ്മീഷന്‍ കരാര്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചത്. അന്നത്തെ റഗുലേറ്ററി കമ്മീഷനാവട്ടെ യുഡിഎഫ് കാലത്ത് നിയമിക്കപ്പെട്ടതുമാണ്. യുഡിഎഫ് കാലത്ത് ഏര്‍പ്പെട്ട കരാറിന്റെ നിയമപരമായ ന്യൂനതയാണ് അത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതിലേക്ക് കമ്മീഷനെ എത്തിച്ചത്.
പിന്നീട് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആ കരാര്‍ പ്രകാരമുള്ള വൈദ്യുതി നഷ്ടമാവാതിരിക്കാനാണ് ഇടപെട്ടത്. സര്‍ക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ച് കരാര്‍ പുനഃസ്ഥാപിക്കാന്‍ നയപരമായ തീരുമാനമെടുത്തതിനെ തുടര്‍ന്ന് താല്‍ക്കാലികമായി വൈദ്യുതി വാങ്ങാന്‍ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാല്‍ അന്നത്തെ ബോര്‍ഡ് ചെയര്‍മാനും, ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായ ഡോ. ബി അശോക് കെഎസ്ഇബി സിഎംഡി ആയ കാലത്ത് കരാര്‍ വൈദ്യുതി ബോര്‍ഡിന് നഷ്ടം വരുത്തുമെന്ന ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചത്. തീര്‍ത്തും ഉദ്യോഗസ്ഥ-റെഗുലേറ്ററി കമ്മീഷന്‍ തലത്തിലാണ് കരാര്‍ വേണ്ടെന്ന് വെച്ചത്. എല്‍ഡിഎഫ് ഈ കരാര്‍ നയപരമായി തുടരാനല്ലാതെ മറ്റൊരു തീരുമാനവും എടുത്തിട്ടില്ല.
ഒടുവില്‍ അപ്പലറ്റ് ട്രൈബ്യൂണല്‍ വിധിയെ തുടര്‍ന്ന് കരാര്‍ ഇല്ലാതായപ്പോഴും സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ആ കരാര്‍ പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതിയെ വരെ സമീപിച്ചാണ് സര്‍ക്കാര്‍ പോരാടിയത്. ആ നിയമപോരാട്ടത്തില്‍ അന്തിമ തീര്‍പ്പും വന്നിട്ടില്ല. യുഡിഎഫ് കാലത്ത് കൃത്യമായ മാനദണ്ഡം പാലിച്ച് ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കില്‍ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു.
2023ലാണ് ഈ കരാറിന് റെഗുലേറ്ററി കമ്മീഷന്‍ അന്തിമമായി അനുമതി നിഷേധിച്ചത്. അതിനുശേഷം മൂന്ന് വര്‍ഷം കടന്നുപോയി. ഇതിനിടയില്‍ ഇന്നത്തേക്കാള്‍ രൂക്ഷമായ എല്‍നിനോയും കടുത്ത മഴക്കുറവും സംസ്ഥാനം നേരിട്ടിട്ടും അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പവര്‍കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഇല്ലാതെയാണ് കേരളത്തെ മുന്നോട്ട് കൊണ്ടുപോയത്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പവര്‍കട്ട് ഒഴിവാക്കിയും മിച്ച വൈദ്യുതിയുള്ള സംസ്ഥാനങ്ങളുമായി സംസാരിച്ച് സ്വാപ്പിങ് കരാറുകള്‍ ഉണ്ടാക്കിയുമാണ് അന്ന് പ്രതിസന്ധി മറികടന്നത്.
കഴിഞ്ഞ ഏപ്രിലില്‍ പ്രതിദിന ഉപഭോഗം 115-116 MU-യും പീക്ക് ഡിമാന്‍ഡ് 6100 MW-ഉം എത്തിയപ്പോള്‍ പോലും എല്‍ഡിഎഫ് ഭരണത്തില്‍ പവര്‍കട്ട് ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ ഡിമാന്‍ഡ് വെറും 4800-4900 MW (85-86 MU) ആയി കുറഞ്ഞിട്ടും യുഡിഎഫ് സര്‍ക്കാരിന് ആവശ്യത്തിനുള്ള വൈദ്യുതിപോലും ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. ഡിമാന്‍ഡ് കുറഞ്ഞിട്ടും പ്രതിസന്ധി കൂടുന്നുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ കഴിവുകേടല്ലാതെ മറ്റൊന്നുമല്ല. മെയ് പകുതിയോടെയും ജൂണ്‍ ആദ്യവാരത്തിലും തന്നെ പ്രതിസന്ധിയുടെ പ്രാരംഭ സൂചനകള്‍ വ്യക്തമായിരുന്നുവെങ്കിലും സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാട്ടിയത്.
കര്‍ണാടക ജൂലൈ മാസത്തില്‍ 9.08 രൂപയ്ക്ക് പുറത്തേക്ക് വൈദ്യുതി വിറ്റിട്ടുണ്ട്. എന്നാല്‍ കേരളം 10 രൂപയ്ക്ക് മുകളില്‍ കൊടുക്കാന്‍ തയ്യാറായിട്ടും വൈദ്യുതി കിട്ടുന്നില്ല എന്നാണ് യുഡിഎഫ് മന്ത്രിമാര്‍ പറയുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ ഭരിക്കുന്ന അയല്‍ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാര്‍ ഉണ്ടാക്കാന്‍ പോലും യുഡിഎഫ് സര്‍ക്കാരിന് സാധിക്കുന്നില്ല എന്നതാണ് സര്‍ക്കാരിന്റെ പരാജയം വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ മൊത്തം വൈദ്യുതി ഉല്‍പാദന ശേഷി രാജ്യത്തിന്റെ പരമാവധി ആവശ്യകതയുടെ ഇരട്ടിയോളമാണ്. എന്നിട്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നതിന് പിന്നിലെ രാഷ്ട്രീയം പരിശോധിക്കപ്പെടണം. രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 60 ശതമാനവും അദാനി, അംബാനി, ടാറ്റ തുടങ്ങിയ സ്വകാര്യ കുത്തകകളുടെ കൈകളിലാണ്. അവര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെടുന്നതുകൂടിയാണ് ഇത്തരം വൈദ്യുതി പ്രതിസന്ധികള്‍. കേരളത്തിലും യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവല്‍ക്കരണമാണെന്നും ധവളപത്രത്തില്‍ ഉള്‍പ്പെടെ അതിന്റെ റൂട്ട് വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും അദ്ദേഹം ആരോപിച്ചു.
കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കാനും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയശേഷം സ്വകാര്യമേഖലയെ രക്ഷകരായി അവതരിപ്പിക്കാനുമാണ് അണിയറയിലെ നീക്കങ്ങള്‍. വൈദ്യുതി മേഖലയെ പൂര്‍ണമായും സ്വകാര്യ കുത്തകകള്‍ക്ക് അടിയറ വെക്കുന്ന ഒന്നാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പുതുയുഗമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.



