News

പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം; CPIMൻ്റെ വിശാല നേതൃയോഗം സെപ്റ്റംബറിൽ കോഴിക്കോട്

സിപിഐഎമ്മിൻ്റെ വിശാല നേതൃയോ​ഗം സെപ്റ്റംബർ 13.14, 15 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പാർട്ടിക്ക് ആവശ്യമായ അടിമുടി മാറ്റം ഉണ്ടാകുമെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്നും സെക്രട്ടറി മാറും എന്നത് നിങ്ങളുടെ ആഗ്രഹമാണെന്നും എം വി ​ഗോവിന്ദൻ പ്രതികരിച്ചു. അതിനുവേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നതെന്നും എം വി​ ​ഗോവിന്ദൻ മാധ്യമങ്ങളോട് ചോദിച്ചു. ഞാൻ ഉൾപ്പെടെ എങ്ങനെ മാറണം എന്ന വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തും. ആള് മാറുന്നത് കൊണ്ടല്ല മാറ്റം ഉണ്ടാവുക. എല്ലാവരുടെയും മാറ്റമാണ് ഉദ്ദേശിക്കുന്നത്. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറും എന്നത് നിങ്ങളുടെ ആഗ്രഹമാണ് എന്നായിരുന്നു എം വി ​ഗോവിന്ദൻ്റെ പ്രതികരണം. പത്മകുമാറിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചിട്ടില്ലെന്നായിരുന്നു എം വി ​ഗോവിന്ദൻ്റെ ആദ്യ പ്രതികരണം. പിന്നീട് മാധ്യമങ്ങൾ റിപ്പോർട്ടിലെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇല്ലാ എന്നല്ല പറഞ്ഞതെന്ന് എം വി ​ഗോവിന്ദൻ തിരുത്തി. തോൽവിയിൽ വ്യക്തിയുടെ പിശക് കാണേണ്ടതില്ല എന്നാണ് പാർട്ടി നിലപാടെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് ഉണ്ടായ ദൗർബല്യം സംസ്ഥാന കമ്മിറ്റിക്കും പരിഹരിക്കാൻ കഴിഞ്ഞില്ല. അത് കേന്ദ്രകമ്മിറ്റി കൃത്യമായി ചൂണ്ടിക്കാണിക്കുകയാണ് ഉണ്ടായതെന്നും എം വി ​ഗോവിന്ദൻ വിശദീകരിച്ചു.

വിദ്യാർത്ഥി പ്രസ്ഥാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച എം വി ​ഗോവിന്ദൻ കേന്ദ്രത്തിൻ്റേത് നരനായാട്ടാണെന്നും കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.ഡൽഹിയിൽ രാഹുൽ ​ഗാന്ധിക്കൊപ്പം സമരം കേരളത്തിൽ സമരക്കാർക്കെതിരെ കേസ് എന്നതാണ് മുഖ്യമന്ത്രി വി ഡി സതീശൻ്റെ ലൈൻ എന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന പരിപാടിയുടെ പേരിൽ വേടനെതിരെ കേസെടുത്തത് ചൂണ്ടിക്കാണിച്ചായിരുന്നു എം വി ​ഗോവിന്ദൻ്റെ വിമർശനം. വേടനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും എം വി ​ഗോ​വിന്ദൻ ആവശ്യപ്പെട്ടു. വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ നിലപാടിന് വഴങ്ങുന്നുവെന്നും അത് പ്രതിഷേധാർഹമാണെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു.

വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ടും എം വി ​ഗോവിന്ദൻ പ്രതികരിച്ചു. പ്രാർത്ഥിച്ചാൽ കറൻ്റ് കട്ട് ഒഴിവാകില്ലെന്നും അത് അത് മന്ത്രിക്കുമറിയാമെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ജൂലൈ 26ന് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി പ്രതിസന്ധിക്കെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിലും എം വി ​ഗോവിന്ദൻ പ്രതികരിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ മുൻകൈ യുഡിഎഫിനാണ്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 1534 കോടി വെട്ടിക്കുറച്ചുവെന്നും ആദ്യ ഗഡു കൊടുക്കേണ്ട സമയം കഴിഞ്ഞുവെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ് തദ്ദേശ സ്ഥാപനങ്ങളെന്നും എം വി ​ഗോവിന്ദൻ പ്രതികരിച്ചു. ശ്രീമതി ടീച്ചർക്ക് എതിരെ വ്യാപക പ്രചാരണം നടക്കുകയാണെന്നും പച്ചകള്ളമാണ് പറയുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. കള്ളത്തരങ്ങൾ അടിച്ചു വിടുന്നതിൽ ജാള്യതയില്ലെന്നും അതിനെ ശക്തമായി എതിർക്കുമെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button