
പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച സമരം കോക്ക്റോച്ച് ജനത പാര്‍ട്ടി (സിജെപി) അവസാനിപ്പിച്ചു. പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രതിഷേധക്കാരോട് വീടുകളിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്നായിരുന്നു സിജെപിയുടെ പ്രധാന ആവശ്യം. ഇത് യാഥാര്‍ഥ്യമായതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.
പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്നും പരീക്ഷാ നടത്തിപ്പില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാന്‍ തയ്യാറാണെന്നും കേന്ദ്രം സിജെപിക്ക് ഉറപ്പു നല്കി. വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡയ്ക്കും ജിതേന്ദ്ര സിങ്ങിനുമൊപ്പം പങ്കെടുത്ത സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും, സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കുമെന്ന വിശ്വാസത്തിലാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും സിജെപി വക്താക്കള്‍ വ്യക്തമാക്കി.
വിശാലമായ വിദ്യാഭ്യാസ പരിഷ്കാരങ്ങളും പരീക്ഷാ പരിഷ്കാരങ്ങളും ഉള്‍പ്പെടുന്ന അഞ്ച് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചതായി സിജെപി അറിയിച്ചു. ഈ പരിഷ്കാരങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനായി നാലാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും അഷുതോഷ് പറഞ്ഞു. ഡല്‍ഹിയിലും ബിജെപി ഭരിക്കുന്നതോ സഖ്യകക്ഷികള്‍ അധികാരത്തിലുള്ളതോ ആയ സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും (എഫ്.ഐ.ആര്) പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ മാത്രം 15 മുതല്‍ 20 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ പകര്‍പ്പുകള്‍ മൂന്ന് നാല് ദിവസത്തിനുള്ളില്‍ കൈമാറുമെന്നും പിന്‍വലിക്കല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി സൗരവ് ദാസ് പറഞ്ഞു.


