KeralaNews

ജനപ്രതിനിധികളുടെ വസതികളിലേക്കും പച്ചക്കറിക്കൃഷി; ക്ലിഫ് ഹൗസില്‍ പദ്ധതിക്ക് തുടക്കം

സംസ്ഥാനത്ത് സുരക്ഷിത ഭക്ഷ്യോല്‍പ്പാദനവും വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പച്ചക്കറിക്കൃഷിക്ക് തുടക്കം കുറിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ശീതകാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്‌ലവര്‍ എന്നിവയുടെ തൈകള്‍ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ചടങ്ങില്‍ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരുടെ വസതികളിലും പച്ചക്കറിക്കൃഷി ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി കൃഷിമന്ത്രിയുടെ വസതിയിലും പച്ചക്കറിക്കൃഷിക്ക് തുടക്കം കുറിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ മേഖലകളിലേക്കും സ്ഥാപനങ്ങളിലേക്കും പച്ചക്കറിക്കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടെക്‌നോപാര്‍ക്കിലെ യു.എസ്.ടി. ഗ്ലോബല്‍ ഉള്‍പ്പെടെയുള്ള ഐ.ടി. സ്ഥാപനങ്ങളിലും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ ഐ.ടി. സ്ഥാപനങ്ങളിലും പച്ചക്കറിക്കൃഷി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് വ്യവസായ, വാണിജ്യ, ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

സുരക്ഷിതമായ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ വീട്ടുവളപ്പില്‍ത്തന്നെ ഉല്‍പ്പാദിപ്പിക്കുന്ന ശീലം വളര്‍ത്തിയെടുക്കുന്നതിലൂടെ സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കാനും ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കാനും പദ്ധതിയിലൂടെ കഴിയും.

ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളും പങ്കെടുത്തു. വിദ്യാലയങ്ങളിലൂടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കതിര്‍ കാര്‍ഷിക ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ പങ്കെടുപ്പിച്ചത്.
കുട്ടികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കുന്നതിനും കൃഷിവകുപ്പ് നടപടികള്‍ സ്വീകരിച്ചുവരികയാണ്. വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ പങ്കാളികളാക്കി സുരക്ഷിത ഭക്ഷ്യോല്‍പ്പാദനത്തെ ജനകീയ ക്യാമ്പയിനാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button