KeralaNews

പാവപ്പെട്ട മനുഷ്യന്‍ എന്തു തെറ്റു ചെയ്തു?, കുട്ടികളുടെ കുറ്റകൃത്യം സംരക്ഷിക്കുന്ന രീതി ശരിയല്ല : രമേശ് ചെന്നിത്തല

ചേരാനെല്ലൂരില്‍ ജഡ്ജിയുടെ 17 കാരനായ മകന്‍ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തില്‍ സര്‍ക്കാരും പൊലീസും ഇരയോടൊപ്പമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആ പാവപ്പെട്ട മനുഷ്യന്‍ എന്തു തെറ്റു ചെയ്തിട്ടാണ്?. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കോടതി വിധി ഗൗരവമായി കാണേണ്ടതാണ്. കുട്ടികളാണെങ്കിലും അവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നത് ശരിയല്ലെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

നിയമവിദഗ്ധരുമായി ആലോചിച്ച് ചേരാനെല്ലൂര്‍ കേസില്‍ ജാമ്യം ലഭിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. കോടതി വിധി ഒരു റൂളിന്റെ പേരിലാണ്. 2016 ലെ ചെറിയ റൂള്‍ അനുസരിച്ചാണ്. ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. കുട്ടികള്‍ ഇങ്ങനെ തുടങ്ങിയാല്‍ നാട് എവിടെച്ചെന്ന് നില്‍ക്കും?. ചേരാനെല്ലൂരില്‍ സര്‍ക്കാരും പൊലീസും നൂറുശതമാനവും പാവപ്പെട്ട കുടുംബത്തോടൊപ്പമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. വാഹനം കസ്റ്റഡിയിലെടുത്തു, അന്വേഷണത്തോട് സഹകരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി അഡീഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിലെ പ്രതിയായ 17 കാരന് അഡീഷണൽ സെഷൻസ് കോടതിയും ജാമ്യം നീട്ടി നൽകിയിട്ടുണ്ട്.

സംഭവത്തിൽ 17കാരനെതിരെ എഫ്‌ഐആര്‍ ഇടാന്‍ കഴിയില്ല എന്ന് നിരീക്ഷിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഗുരുതര കുറ്റകൃത്യമാണെങ്കില്‍ മാത്രമേ എഫ്‌ഐആര്‍ ഇടാന്‍ കഴിയുകയുള്ളൂ. എന്താണ് ഇതിനകത്തെ ഗുരുതര കുറ്റകൃത്യം എന്നും കോടതി ചോദിച്ചു.എന്താണ് ഈ കേസില്‍ ഇത്ര പ്രത്യേകത എന്ന് ചോദിച്ച കോടതി 17കാരനെതിരെ കുറ്റം തന്നെ നിലനില്‍ക്കില്ലെന്നും നിരീക്ഷിച്ചു. സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ ഇടാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button