KeralaNews

ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഗുരുതര വീഴ്ച; മുഖ്യമന്ത്രി

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉണ്ടായത്. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാന്‍സലര്‍മാരുടെ അന്തസിനും നിരക്കാത്തതാണെന്നും വി ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളീയ പൊതുസമൂഹത്തിന് വൈസ് ചാന്‍സലര്‍ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വര്‍ഗീയത പറയുന്ന ആര്‍എസ്എസ് നേതാവിന്റെ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ഉദയാ കണ്‍വെന്‍ഷനില്‍ നടന്ന പരിപാടിയിലാണ് കേരള, എംജി, മലയാളം സര്‍വകലാശാല വിസിമാര്‍ പങ്കെടുത്തത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. ഡോ. മോഹനന്‍ കുന്നുമലിന് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം നേരത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സംഘപരിവാറിന്റെ 100 വര്‍ഷങ്ങള്‍ എന്ന പേരില്‍ ഇന്ന് നടന്ന പരിപാടിയിലാണ് ഡോ. മോഹനന്‍ കുന്നുമല്‍ പങ്കെടുത്തത്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു.

കേരള വിസിയുടെ സംഘപരിവാര്‍ ബന്ധം എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ നിരവധി തവണ ചൂണ്ടിക്കാട്ടുകയും അത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ സംഭവത്തില്‍ എസ്എഫ്‌ഐയും പ്രതിഷേധം രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button