
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ട് ജയിലില്‍ പോകുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലൂടെയും (ഇവിഎം) വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയും വോട്ടുകള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച രാഹുല്‍, വോട്ട് മോഷണം രാജ്യദ്രോഹമാണെന്നും പറഞ്ഞു. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ഇന്ത്യ മുന്നണിയുടെ മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ വോട്ട് മോഷണം സാധാരണ ഒന്നല്ല. ഇത് ഇന്ത്യയുടെ ഓരോ ശബ്ദത്തിന്റെയും മോഷണമാണ്. ഇതിനെ രാജ്യദ്രോഹം എന്നാണ് വിളിക്കുന്നത്. ഗ്യാനേഷ് കുമാര്‍ ഇല്ലായിരുന്നെങ്കില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയോ അമിത് ഷാ ആഭ്യന്തര മന്ത്രിയോ ആകില്ലായിരുന്നു. 2024ലെ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകള്‍ വഴിയും വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തിയും വോട്ടുകള്‍ കവര്‍ന്നു. തെരഞ്ഞെടുപ്പിന് ശേഷം 15 ശതമാനം വോട്ടര്‍മാരെ ഒഴിവാക്കി. ഇന്ത്യ മുന്നണിയും എന്‍ഡിഎയും തമ്മില്‍ 3 ശതമാനത്തിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസം മുതല്‍ അന്വേഷണ ഏജന്‍സികള്‍ വരെ രാജ്യത്തെ സ്ഥാപനങ്ങളെ ആര്‍എസ്എസ് സ്വന്തം വരുതിയിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കാത്തത്. ജനാധിപത്യം ഇല്ലാതാകാന്‍ നമ്മള് അനുവദിക്കില്ല. ഭരണഘടനയെ തകര്‍ക്കാന്‍ നമ്മള് അനുവദിക്കില്ല. എത്ര പണമുള്ളയാളായാലും നിങ്ങള്‍ ഭരണഘടനയ്ക്ക് അതീതനല്ല. ഭരണഘടന നിങ്ങളേക്കാള്‍ എത്രയോ വലുതാണ്’ -രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും റാലിയില്‍ സംസാരിച്ചു. കേന്ദ്രത്തിലും മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തില്‍ വന്നത് ‘വോട്ട് മോഷണത്തിലൂടെയാണെ’ന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ നിന്ന് പുറത്തുപോകണമെന്നും ഖാര്‍ഗെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെയും, എസ്ഐആര്‍ നടപടികള്‍ക്കെതിരെയും സംഘടിപ്പിച്ച ‘ചലോ ദില്ലി’ റാലിയില്‍ ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കളെല്ലാം അണിനിരന്നു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു.
ആര്‍എസ്എസിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണ് നടക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു. ജനങ്ങളുടെ ശബ്ദമാണ് പ്രതിഷേധത്തില്‍ ഉയരുന്നതെന്ന് ഐസ ദേശീയ അധ്യക്ഷ നേഹ ബോറ പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും നേഹ ബോറ കൂട്ടിച്ചേര്‍ത്തു. എസ്ഐആര്‍ ക്രമക്കേടുകളുടെ ഇരയാണ് ബംഗാളെന്നും ഇതിന് നേതൃത്വം നല്‍കിയവരെ വെറുതെ വിടില്ലെന്നും പോരാട്ടം തുടരുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.



