KeralaNews

പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണം; രാഷ്ട്രപതിയെ കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷനും സംഘവും

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ നിലപാട് കടുപ്പിച്ച് ബിജെപി. പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് കാട്ടി ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശയില്‍ നടപടി എടുക്കണമെന്ന് അഭ്യര്‍ഥിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സംഘം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു. രാജ്യസഭാംഗങ്ങളായ സി.സദാനന്ദനും പി.ടി.ഉഷയും ഒപ്പമുണ്ടായിരുന്നു. പിഎസ്‌സിയിൽ വലിയ തോതില്‍ ക്രമക്കേടും സ്വജനപക്ഷപാതവും നടക്കുന്നുണ്ടെന്നും ഏജന്‍സിയുടെ വിശ്വാസത സംരക്ഷിക്കാന്‍ ഇടപെടണമെന്നും രാഷ്ട്രപതിക്കു നല്‍കിയ നിവേദനത്തില്‍ പറയുന്നു.

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട കമ്മിഷന്‍ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ആരോപണമാണ് ഉയരുന്നതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആസൂത്രണബോര്‍ഡ് ചീഫ് പരീക്ഷയില്‍ 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കി. അനര്‍ഹനായ ഒരാള്‍ക്ക് ഒന്നാം റാങ്ക് കിട്ടാനാണ് ഇങ്ങനെ ചെയ്തത്. പരീക്ഷാക്രമക്കേട് സംബന്ധിച്ച് 180 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ പരിഗണിക്കണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന ആക്ഷേപമാണ് ബിജെപി ഉയര്‍ത്തുന്നത്.

സര്‍ക്കാരിനോട് ആലോചിക്കാതെ പിഎസ്‌സിക്കെതിരെ രാഷ്ട്രപതിക്കു ശുപാര്‍ശ നല്‍കിയ ഗവര്‍ണറുടെ നടപടി ശരിയല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍ണായക നീക്കവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ പിഎസ് സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് രാഷ്ട്രപതിക്കു ശുപാര്‍ശ നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button