
കണ്ണൂർ: തലശേരിയിൽ ബിജെപി നേതാവ് ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ. എറണാകുളം മാറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖ് എസ്. ദർശൻ (35) ആണ് അറസ്റ്റിലായത്. ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് തലശേരി പെരുന്താറ്റിലെ തിരുവാതിരയിൽ രതിശൻ (59) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
റെയിൽവേയിൽ ടി.ടി.ആർ പോസ്റ്റിലേക്ക് ജോലി വാഗ്ദാനം ചെയ്ത് രതിശൻ വഴി വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. തുടർന്ന് ഉദ്യോഗാർത്ഥികൾക്ക് വ്യാജ നിയമനക്കത്തും നൽകി. ഈ മാസം ആദ്യത്തോടെ പണം തിരിച്ചു നൽകുമെന്ന് വൈശാഖ് ഉറപ്പ് നൽകിയിരുന്നെങ്കിലും വാക്ക് പാലിച്ചില്ല. വ്യാജ നിയമനമാണെന്ന് വ്യക്തമാകുകയും സാമ്പത്തികമായി കടുത്ത സമ്മർദ്ദത്തിലാകുകയും ചെയ്തതോടെ രതിശൻ ജീവനൊടുക്കുകയായിരുന്നു. രതിശൻ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ വൈശാഖിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു.
ഈ മാസം മൂന്നിനാണ് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ കോഫി ഹൗസിന് മുകളിലെ സ്വന്തം ഓഫീസ് മുറിയിൽ രതിശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ വിവിധ അപേക്ഷകൾ തയ്യാറാക്കി നൽകുന്ന ഓഫീസാണ് രതിശൻ ഇവിടെ നടത്തിയിരുന്നത്. ഈ കേന്ദ്രം വഴിയാണ് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.
Youth Congress State Vice President Vaishakh S Darshan was arrested
Kannur News,Youth Congress, Vice President Vaishakh ,S Darshan Arrested,BJP Leader Suicide,



