
കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച് പ്രകോപനപരമെന്നും രാഷ്ട്രീയമായി നേരിടുമെന്നും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് നേരെയും അതിന് പിന്തുണ നൽകിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയും കേന്ദ്രസേനയും ദില്ലി പൊലീസും നടത്തിയ അതിക്രമത്തിനെതിരെ ശക്തമായ ജനരോഷം
ഉയരുന്ന സാഹചര്യത്തിൽ, അതിൻ്റെ ജാള്യത മറക്കാനാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ്റെ നേതൃത്വത്തിൽ കെ പി സി സി ആസ്ഥാനത്തേക്ക് രാഷ്ട്രീയ പ്രഹസന ജാഥ നടത്തിയതെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ നടപടിയെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും, അത് അക്രമത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ലൈസൻസല്ലെന്നും കെ പി സി സി അധ്യക്ഷൻ ഓർമ്മപ്പെടുത്തി.
ബി ജെ പിയുടെ രാഷ്ട്രീയ പരാജയങ്ങളും ജനവിരുദ്ധ നയങ്ങളും മറച്ചുവെക്കാനുള്ള നിരാശാജനകമായ ശ്രമമാണ് ഇത്തരം പ്രകോപനപരമായ സമരങ്ങളെന്നും സണ്ണി ജോസഫ് വിവരിച്ചു. കേരളത്തിൽ സമാധാനപരമായ രാഷ്ട്രീയ സംസ്കാരത്തെ തകർക്കാനും സംഘർഷം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയും. പൊതുസമൂഹത്തിൻ്റെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയെടുക്കുന്ന കോൺഗ്രസ് നിലപാടുകളെ ഭീഷണിപ്പെടുത്തിയോ ആക്രമിച്ചോ ഇല്ലാതാക്കാമെന്ന വ്യാമോഹം ആരും വെച്ചുപുലർത്തേണ്ടതില്ല. ജനാധിപത്യ മൂല്യങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിച്ച് കോൺഗ്രസ് ഇത്തരം പ്രകോപനങ്ങളെ രാഷ്ട്രീയമായി നേരിടും. അക്രമ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ലെന്നും കെ പി സി സി അധ്യക്ഷൻ പറഞ്ഞു.
തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്തേക്ക് രാവിലെ നടത്തിയ ബി ജെ പി മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വീടിന് മുന്നിലെ കോൺഗ്രസ് സമരത്തിൽ പ്രതിഷേധിച്ചാണ് കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി മാർച്ച് നടത്തിയത്. മാർച്ചിനെ നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബി ജെ പി ആരോപിച്ചു. പ്രതിഷേധത്തിനിടെ ബി ജെ പി സംസ്ഥാന അധ്യക്ഷനും എം എൽ എയുമായ രാജീവ് ചന്ദ്രശേഖറിന് നേരേയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാജീവ് ചന്ദ്രശേഖർ തന്നെയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ജനാധിപത്യം അട്ടിമറിക്കാൻ സമ്മതിക്കില്ലെന്നും നടന്നത് മോദിയെ ആക്രമിക്കാനുള്ള ശ്രമമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.



