
സിഎംആര്‍എല്‍- എക്‌സാലോജിക് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. പിണറായിക്കും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം ആകാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഏത് അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.
കേസ് എടുക്കണോ എന്ന് വിജിലന്‍സിന് തീരുമാനിക്കാം. ഇ ഡി അയച്ച കത്തിലെ രേഖകള്‍ അന്വേഷണത്തിന് പര്യാപ്തമാണെന്നുമാണ് അഡ്വക്കേറ്റ് ജനറലിന്റെ നിലപാട്. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാര്‍ശയില്‍ നിയമോപദേശം വന്ന ശേഷം നടപടി എടുക്കാമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നത്. അഴിമതി നിരോധന കേസില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത്. പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് കത്തില്‍ ആരോപണമുണ്ട്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ, പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്.
ഇടപാടുകള്‍ക്കായി എക്‌സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും ഇഡിയുടെ കത്തില്‍ ആരോപണമുണ്ടായിരുന്നു.



