NationalNews

പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതി ആദ്യ നടപടി; പ്രള്‍ഹാദ് ജോഷി ഇന്ന് തന്നെ ചുമതലയേറ്റേക്കും

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ഇന്ന് തന്നെ ചുമതലയേറ്റേക്കും. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും ആദ്യ നടപടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റിക്രൂട്ട്‌മെന്റ് നടപടികളും വേഗത്തിലാക്കും. അതേസമയം, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റില്‍ മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

ധർമേന്ദ്ര പ്രധാൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. കർണാടകയിലെ ധാർവാഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് പ്രള്‍ഹാദ് ജോഷി. അഞ്ചുതവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുമ്പ് കൽക്കരി, ഖനനം, പാർലമെന്ററി കാര്യം എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്.

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. സമരം അവസാനിപ്പിക്കണമെങ്കിൽ ധ‍ർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ വിദ്യാ‍ർത്ഥികൾ ഉറച്ച് നിൽക്കുകയായിരുന്നു. ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തു. ഇതോടെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം ശക്തമായി നടപ്പിലാക്കുന്നതിനായാണ് ആർഎസ്എസ് പശ്ചാത്തലമുള്ള ധർമേന്ദ്ര പ്രധാനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ബിജെപി നിയോഗിച്ചതെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button