NationalNews

യുഎസുമായി കരാര്‍ വേണമെങ്കില്‍ ഇന്ത്യക്ക്‌ താരിഫ് മുന്‍തൂക്കം വേണം; നിലപാട് കടുപ്പിച്ച് പീയുഷ് ഗോയല്‍

ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് താരിഫ് (ഇറക്കുമതി നികുതി) ആനുകൂല്യം ഉറപ്പാക്കുന്ന സംവിധാനം രൂപീകരിക്കാതെ അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാര കരാറിലേക്ക് കടക്കില്ലെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തിക താല്‍പര്യങ്ങളും കയറ്റുമതി രംഗത്തിന്റെ മത്സരശേഷിയും സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഗോയലിന്റെ പ്രതികരണം.

കരാറിന്റെ അടിസ്ഥാന ഘടന പല ഭാഗങ്ങളിലും പൂര്‍ത്തിയായിട്ടുണ്ടെങ്കിലും താരിഫ് സംബന്ധിച്ച വിഷയങ്ങളാണ് ഇപ്പോഴും പ്രധാന തടസ്സമായി തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിപണിയില്‍ സജീവവും സമാന ഉല്‍പ്പന്നങ്ങളെത്തിക്കുന്നതുമായ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അനുകൂലമായ നികുതി നിരക്ക് ലഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അത്തരമൊരു മുന്‍തൂക്കം ലഭിച്ചാല്‍ ആഭ്യന്തര കയറ്റുമതിക്കാര്‍ക്ക് ആഗോള വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

അതേസമയം, ജൂലൈ 24നുള്ള അമേരിക്കന്‍ താരിഫ് സമയപരിധിക്ക് മുമ്പ് കരാര്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ സമയപരിധിയുടെ സമ്മര്‍ദത്തിലല്ല, ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാകും അന്തിമ തീരുമാനം ഉണ്ടാകുകയെന്ന സൂചനയും കേന്ദ്രം നല്‍കുന്നു. ഇന്ത്യ -യുഎസ് ഇടക്കാല കരാര്‍ ഫെബ്രുവരിയില്‍ നിലവില്‍ വന്നിരുന്നു. അതിനുശേഷം അന്തിമ കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നു നല്‍കുമ്പോള്‍, ഇന്ത്യന്‍ വ്യാപാരികള്‍ക്ക് അമേരിക്കന്‍ വിപണിയിലും മികച്ച അവസരം ഒരുക്കണമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button