‘സ്മിത് മച്ചാർ യഥാർഥ ഹീറോ’; ഇന്ത്യൻ പൈലറ്റിനെ പ്രശംസിച്ച് നെതന്യാഹു; ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്കു ക്ഷണം

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ക്യാപ്റ്റൻ സ്മിത്തിനെ ഫോണിൽ വിളിച്ച നെതന്യാഹു അദ്ദേഹത്തെ ഇസ്രയേലിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും യഥാർഥ ഹീറോ എന്ന് വിശേഷിപ്പിച്ചു. വീരോചിതമായ രക്ഷാപ്രവർത്തനത്തെ ആദരിച്ചുകൊണ്ട്, അടുത്ത ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു ഔദ്യോഗികമായി ക്ഷണിച്ചു.
നെതന്യാഹുമായി സംസാരിച്ച സ്മിത് മച്ചാർ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന നിമിഷങ്ങൾ അദ്ദേഹവുമായി പങ്കുവച്ചു. മറ്റൊരു സെപ്റ്റംബർ 11 ദുരന്തമാണ് ക്യാപ്റ്റൻ സ്മിത്തിന്റെ അസാധാരണമായ ധീരതയിലൂടെ ഒഴിവായതെന്നു നെതന്യാഹു പറഞ്ഞു. അതിസാഹസികമായ സാഹചര്യത്തിലും തികഞ്ഞ ആത്മസംയമനം പാലിച്ച സ്മിത്തിന്റെ ധീരതയിൽ താൻ അദ്ഭുതപ്പെട്ടെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്മിത് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നെതന്യാഹുവും ഭാര്യയും ആശംസിച്ചു. കഴിഞ്ഞ ദിവസം ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാനും ആശുപത്രിയിലെത്തി സ്മിത്തിനെ സന്ദർശിച്ചിരുന്നു.
ആക്രമണത്തിന്റെ ഞെട്ടിക്കുന്ന നിമിഷങ്ങൾ ക്യാപ്റ്റൻ സ്മിത് മച്ചാർ നെതന്യാഹുവുമായി പങ്കുവച്ചു. ‘അതൊരു സാധാരണ വിമാനം ആയിരുന്നു. സഹപൈലറ്റിനു പ്രാർഥിക്കണമായിരുന്നു. അവിടുത്തെ പ്രാദേശിക പൈലറ്റുമാർ സാധാരണയായി അങ്ങനെ ചെയ്യാറുള്ളതാണ്, അതിൽ അസ്വാഭാവികമായി ഒന്നും തോന്നിയില്ല.‘
‘അദ്ദേഹം പ്രാർഥിക്കുന്ന സമയത്ത്, ആ ബഹുമാനം മുൻനിർത്തി ഞാൻ കോക്പിറ്റിന്റെ മുൻഭാഗത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. പിന്നിലേക്ക് ശ്രദ്ധിച്ചില്ല. ഒരു നാലഞ്ച് മിനിറ്റിനു ശേഷം എന്റെ തലയുടെ പിൻഭാഗത്ത് ശക്തമായ ഒരു അടി കിട്ടി. വിമാനത്തിന് എന്തോ വലിയ തകരാർ സംഭവിച്ചു എന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ അതിനുശേഷവും അടികൾ ഒന്നൊന്നായി തുടർച്ചയായി വന്നുകൊണ്ടിരുന്നു. അപ്പോഴാണ് എനിക്ക് മനസിലായത് ഇത് വിമാനത്തിന്റെ തകരാറല്ല മറിച്ച് കോക്പിറ്റിൽ എന്നോടൊപ്പമുള്ള മറ്റേയാൾ എന്നെ ആക്രമിക്കുകയാണെന്ന്. ഞാൻ അയാളെ തടയാൻ ശ്രമിച്ചു, പക്ഷേ ആദ്യമേ കിട്ടിയ ശക്തമായ അടികൾ കാരണം എന്റെ കാഴ്ച പൂർണമായും മങ്ങിപ്പോയിരുന്നു, എനിക്ക് ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല‘- സ്മിത് പറഞ്ഞു.



