KeralaNews

അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്നില്ലാത്തത്സഭയിൽ പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ

ആരോഗ്യമേഖലയിലെ പ്രതിസന്ധി നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയമാക്കി ഉയർത്തി പ്രതിപക്ഷം. കഴിഞ്ഞ പ്രതിപക്ഷം അവതരിപ്പിച്ച അതേ വിഷയമാണെന്നും പറയുന്ന പ്രശ്നങ്ങളൊന്നും ആരോഗ്യ വകുപ്പിലില്ലെന്നും മന്ത്രി കെ മുരളീധരൻ. കെ വി സുമേഷ് എംഎൽഎ ആണ് മരുന്ന് ക്ഷാമം ഉൾപ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയം കൊണ്ടുവരാൻ നോട്ടീസ് നൽകിയത്. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിൽ ആണെന്ന് കെ വി സുമേഷ് പറഞ്ഞു. പിന്നാലെ സഭയിൽ ബഹളമായി.

കഴിഞ്ഞ മാർച്ചിൽ പെരുമാറ്റ ചട്ടത്തിൻ്റെ പേര് പറഞ്ഞ് പർച്ചേസ് ഓർഡർ നൽകിയില്ല. ഇടത് സർക്കാർ മരുന്ന് കമ്പനികൾക്ക് വലിയ കുടിശ്ശിക വരുത്തിയെന്ന് പറഞ്ഞ മന്ത്രി 24 ഇനം മരുന്നുകൾക്ക് ചെറിയ പ്രതിസന്ധിയുണ്ട് എന്നും മരുന്ന് ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ നടപടി എടുത്തു എന്നും സഭയിൽ മറുപടി നൽകി. എന്നാൽ, ആരോഗ്യമേഖലയിലെ പ്രശ്നം മന്ത്രി ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷം വിമർശിച്ചു. എന്തുപറഞാലും കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കുറിച്ച് പറയാനാണെങ്കിൽ ജനം നിങ്ങളെ തിരഞ്ഞെടുത്തതെന്തിന് എന്ന ചോദിച്ച കെ വി സുമേഷ് മരുന്ന് ക്ഷാമത്തിൽ സഭയിൽ എടുത്ത് പറഞ്ഞു. സ്വന്തം വകുപ്പിലെ പ്രശ്നങ്ങളെങ്കിലും മന്ത്രി മനസിലാക്കണം. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കണം. നടക്കുന്നതെല്ലാം രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ ആണെന്നും ഇതിൽ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്ന് ഇല്ലാത്തതെന്നും ബാക്കി എല്ലാ മരുന്നിനും സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി കെ മുരളീധരൻ. പ്രതിപക്ഷം ഏജന്റുമാർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ആരോപണങ്ങൾ ഊതിവീർപ്പിച്ച കാര്യങ്ങൾ മാത്രമാണെന്നും മന്ത്രി പരിഹസിച്ചു. ഇതോടെ സഭയിൽ ബഹളമായി. പിന്നാലെ ആരോ​ഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രം​ഗത്തെത്തി. ഇങ്ങനെ ആണോ മന്ത്രി മറുപടി പറയേണ്ടതെന്നും പരിണിത പ്രജ്ഞനായ സ്പീക്കർ ഇങനെയാണോ സഭ നിയന്ത്രിക്കുന്നതെന്നും വിമർശിച്ചു. മന്ത്രി മറുപടി പറഞ്ഞ രീതിയെ കുറിച്ച് സ്പീക്കർ പരാമർശിക്കേണ്ടതായിരുന്നുവെന്നും പിണറായി സഭയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button