KeralaNews

‘കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു’; മാസപ്പടി കേസിൽ പിണറായിയുടെ ഹര്‍ജിയെ അനുകൂലിച്ച് സര്‍ക്കാര്‍

മാസപ്പടി കേസിലെ ഹർജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് എജി കോടതിയെ അറിയിച്ചു. കെ എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രതികളുടെ ഹർജിയെ ഇഡി എതിർത്തു.

പിണറായിക്കെതിരെ എഫ്‌ഐആർ ഇട്ടതിൽ പ്രശ്‌നം എന്തെന്ന ചോദ്യം ഹൈക്കോടതി ആവർത്തിച്ചു. സിംഗിൾ ബെഞ്ചിന്റെ വിധി ഇല്ലെങ്കിലും എഫ്ഐആര്‍ ഇടാമല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ലഭിച്ച തെളിവുകൾ കേസെടുക്കാൻ തൃപ്തികരം അല്ലായിരുന്നുവെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇഡി നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ലെന്നും പ്രാഥമിക അന്വേഷണം ആവശ്യമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, പിണറായി അടക്കമുള്ള പ്രതികളുടെ ഹർജിയെ ഇഡി കോടതിയില്‍ എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം. അപ്പീലില്‍ വാദം തുടരുകയാണ്.

അതിനിടെ, പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് കേസുകളുടെ അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ സര്‍ക്കാര്‍ നിയോഗിക്കും. ഇഡി റിപ്പോർട്ട് പ്രകാരം രണ്ട് കാലഘട്ടത്തിലുണ്ടായ സാമ്പത്തിക ആരോപണങ്ങളായതിലാണ് രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തത്. രണ്ട് എസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. എന്നാൽ വിജിലൻസിലെ പ്രധാനപ്പെട്ട മൂന്ന് എസ്പി തസ്തികള്‍ ഒഴിഞ്ഞു കിടക്കുന്നതിനാൽ എസ്ഐടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. നിലവിൽ പല യൂണിറ്റുകളിലുമുള്ള എസ്പിമാർ വിമരിക്കലിന്‍റെ വക്കിലുമാണ്. പുതിയ എസ്പിമാരെ നിയമിച്ച് ഇന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കുന്ന മുറയ്ക്കാവും എസ്ഐടിയുടെ കാര്യത്തിൽ ഉത്തരവിറക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button