NationalNews

ബംഗാളിൽ സ്ട്രോങ്ങ് റൂമിന് മുന്നിൽ മമതയുടെ പ്രതിഷേധം; വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നെന്ന് ടിഎംസി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ജനവിധി അട്ടിമറിക്കാൻ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടിം​ഗ് മെഷീനിൽ തിരിമറിക്ക് ശ്രമിച്ചെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഇന്നലെ അർദ്ധരാത്രിവരെആ കൊൽക്കത്തയിലെ സ്ട്രോങ് റൂമുകൾക്ക് മുന്നിൽ മമതയുടെ നേതൃത്വത്തിൽ ടിഎംസി നേതാക്കൾ പ്രതിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. തോൽവി ഉറപ്പിച്ച തൃണമൂൽ ഭീകരാവസ്ഥയുണ്ടാക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

എക്സിററ്പോൾ പ്രവചനങ്ങൾക്ക് പിന്നാലെ പശ്ചിമ ബം​ഗാളിൽ നാടകീയ കാഴ്ചകൾ. ഇന്നലെ രാത്രി വടക്കൻ കൊൽക്കത്തയിലെ 7 മണ്ഡലങ്ങളിലെ വോട്ടിം​ഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമിൽ ചട്ടം ലംഘിച്ച് ബിജെപിക്കാർ കയറി ബാലറ്റ്ബോക്സുകൾ തുറക്കാൻ ശ്രമിച്ചെന്നാണ് ടിഎംസി ആരോപണം. തെളിവായി സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. പിന്നാലെ പുറത്ത് ടിഎംസി മന്ത്രിമാരടക്കം പ്രതിഷേധം തുടങ്ങി. ബിജെപി പ്രവർത്തകരും സ്ഥലത്തെത്തിയതോടെ വാക്കേറ്റമായി. സ്ട്രോങ് റൂമിലെത്തിയ മമത ബാനർജിയെ കേന്ദ്രസേന തടഞ്ഞു. ഇതിനു ശേഷം സ്വന്തം മണ്ഡലമായ ഭവാനിപൂരിലെ കൗണ്ടിം​ഗ് സെന്ററിലേക്ക് പോയ മമത അവിടെ അർദ്ധരാത്രിവരെ തുടർന്നു.

വേണ്ടത്ര സിസിടിവി ക്യാമറകൾ പോലുമില്ലാത്ത സ്ട്രോങ് റൂമിൽ അത് സ്ഥാപിക്കുംവരെ മമത അവിടെ ഇരുന്നെന്ന് ടിഎംസി നേതാക്കൾ പറഞ്ഞു. പുലർച്ചെ 1 മണിക്ക് മാധ്യമങ്ങളെ കണ്ട മമത തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെ ബിജെപി ജനാധിപത്യം കൊള്ളയടിക്കുകയാണെന്ന് ആരോപിച്ചു. എല്ലാ സ്ട്രോങ് റൂമുകൾക്കും കാവൽനിൽക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button