
സിപിഎം വിശാല കമ്മിറ്റിയിൽ പിണറായി വിജയനെതിരെ കാരണഭൂതൻ പരാമർശവുമായി കാസർകോട്ടെ പ്രതിനിധി. തുടർ ഭരണത്തിന് കാരണഭൂതരായർ തുടർ തോൽവികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നായിരുന്നു ഡോക്ടർ വിപിപി മുസ്തഫയുടെ വിമർശനം. ഇന്നലെ മുതൽ എം വി ഗോവിന്ദനെ ലക്ഷ്യമിട്ട് തുടങ്ങിയ ചർച്ച ഇന്ന് പിണറായിക്കെതിരെയും തിരിഞ്ഞു.
കണ്ണൂരിനെ പിന്തുടർന്ന് മറ്റു ജില്ലകളും സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് നടത്തുന്നത്. ഇന്നലെ എം വി ഗോവിന്ദന്റെ നേതൃത്വശേഷിയെ കണ്ണൂർ കമ്മിറ്റിയാണ് ശക്തമായി വിമർശിച്ചത്. ഇന്ന് ചർച്ചയിൽ പങ്കെടുത്ത കാസർകോട്ടെ ഡോക്ടർ വിപിപി മുസ്തഫ പിണറായിയെ കടന്നാക്രമിച്ചു. തുടർ ഭരണത്തിന് കാരണഭൂതരായർ തുടർ തോൽവികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നായിരുന്നു വിപിപി മുസ്തഫ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ല. 2021 ന് ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റപ്പോൾ പൾസ് മനസ്സിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. യോഗത്തിൽ അവതരിപ്പിച്ച രേഖയിലെ ഉള്ളടക്കം പാർടിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും വിമർശിച്ചു.
കൊല്ലം, തൃശ്ശൂര്, ആലപ്പുഴ, പത്തനംതിട്ട കമ്മിറ്റികളും സമാനമായ വിമർശനം ഉയർത്തി. പയ്യന്നൂറിലെ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോൾ തളിപ്പറമ്പിൽ മനഃപൂർവം കണ്ണടച്ചത് സംസ്ഥാന സെക്രട്ടറിക്ക് ഒഴിഞ്ഞ മാറാനാണെന്ന് പരോക്ഷ സൂചനയും ചർച്ചയിലുണ്ടായി. എം എ ബേബി സമ്മേളനത്തിന്റെ തുടക്കത്തിൽ നൽകിയ ശക്തമായ വിമർശനത്തിനുള്ള ആഹ്വാനം ജില്ലാ കമ്മിറ്റികൾ ഗൗരവമായി എടുത്തു എന്നർത്ഥം. വ്യക്തികേന്ദ്രീകൃത വിമർശനം പാടില്ല, കർശന നിർദേശം മാനിച്ച് നേതാക്കളെ പേരെടുത്ത് പരാമർശിക്കുന്നില്ലെന്ന ആശ്വാസമുണ്ട്.
നേതാക്കളെ നയിക്കുന്നത് പാർലമെന്ററി വ്യാമോഹമാണെന്ന് ഗ്രൂപ്പ് ചർച്ചയിലെ തീരുമാനപ്രകാരം കണ്ണൂർ ജില്ലയുടെ പ്രതിനിധി തുറന്നടിച്ചത് എം വി ഗോവിന്ദനെയും പിണറായി വിജയനെയും ലക്ഷ്യമിട്ട് തന്നെയാണ്. അതേസമയം, ഇഡിയിലേക്ക് ചർച്ച തിരിക്കരുതെന്ന് കേന്ദ്ര നിർദ്ദേശം ഉണ്ടെങ്കിലും ഇഡി ചട്ടമ്പിമാരെ പോലെ പെരുമാറിയെന്ന് വിശാല സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു. കോഴിക്കോട് ജില്ലാ നേതൃത്വമാണ് വൈകാരികമായി വിഷയം അവതരിപ്പിച്ചത്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും തോക്കിന്റെ മുനയിൽ നിർത്തിയാണ് ഇഡി റെയ്ഡ് നടത്തിയത്. പൊതു ചർച്ച ഇന്ന് എട്ട് മണിയോടെ അവസാനിക്കും.



