
ബിഹാറിലെ ബങ്കിപ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറിനെ അഭിനന്ദിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ. ബങ്കിപ്പൂരിലെ ജനങ്ങളെയും ബിഹാറിനെയും സേവിക്കുന്നതിൽ ആശംസകൾ നേരുന്നതായി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ എം കെ സ്റ്റാലിൻ പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കൊപ്പവും പിന്നീട് വിജയ്ക്കൊപ്പവും പ്രശാന്ത് കിഷോർ സഹകരിച്ചിട്ടുണ്ട്.
“ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ജൻ സുരാജിന്റെ ആദ്യ തെരഞ്ഞെടുപ്പ് വിജയം കുറിച്ച പ്രശാന്ത് കിഷോറിന് അഭിനന്ദനങ്ങൾ. ബങ്കിപ്പൂർ മണ്ഡലത്തിലെ ജനങ്ങളെയും ബിഹാറിനെയും സേവിക്കുന്നതിൽ എല്ലാ വിജയങ്ങളും ആശംസിക്കുന്നു”- എം കെ സ്റ്റാലിൻ പറഞ്ഞു.
ബങ്കിപ്പൂർ എംഎൽഎയായിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജിവെച്ച ഒഴിവിൽ നടന്ന ഉപതെരഞ്ഞടുപ്പിലാണ് ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ അട്ടിമറി വിജയം നേടിയത്. ബിജെപി സ്ഥാനാർത്ഥി നീരജ് കുമാറിനെ 19,324 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോർ നിയമസഭയിലേക്ക് എത്തുന്നത്. നിതിൻ നബീൻ തുടർച്ചയായ അഞ്ചുതവണ ജയിച്ച്, 2025ൽ അരലക്ഷത്തിലധികം ഭൂരിപക്ഷം നേടിയ മണ്ഡലത്തിലാണ് പ്രശാന്ത് കിഷോർ കന്നിയങ്കത്തിനിറങ്ങിയതും ജയിച്ചുകയറിയതും.



