KeralaNews

ലഹരിക്കെതിരെ ഓപ്പറേഷന്‍ തുഫാന്‍- ദ നര്‍ക്കോ ഹണ്ട്; ജൂണ്‍ ഒന്ന് മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

മയക്കുമരുന്നിനെ തുരത്താന്‍ പുതിയ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്. ‘ഓപ്പറേഷന്‍ തുഫാന്‍-ദ നാര്‍ക്കോ ഹണ്ട്’ എന്ന പേരില്‍ ജൂണ്‍ ഒന്ന് മുതല്‍ കര്‍മപദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വിശദമായ പ്രൊജക്റ്റ് തയ്യാറാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കെമിക്കല്‍ ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിപണി അവസാനിപ്പിക്കുമെന്നും സ്‌കൂളിന്റെ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകളിലും സമൂല മാറ്റം കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ കൃത്യമായി പരാതികള്‍ കേള്‍ക്കുമെന്നും പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഡിസ്‌പോസ് ചെയ്യുമെന്നും സ്റ്റേഷനുകളില്‍ വരുന്നവരെ കുറ്റവാളികളായി കാണില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പരാതിക്കാരെ പൂര്‍ണമായും കേള്‍ക്കുമെന്നും പൊലീസ് സ്റ്റേഷനുകള്‍ ജനസേവാ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക് നല്‍കുന്നതില്‍ പഠനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്ക് പഠനച്ചുമതല നല്‍കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം പ്രതികരിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‘കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. അതിനെ ഗൗരവത്തോടെ കണ്ടുകൊണ്ട് ശക്തമായ നടപടിയുണ്ടാകും. സത്വര നടപടികള്‍ കൈക്കൊള്ളും’, ആഭ്യന്തര മന്ത്രി പറഞ്ഞു.

ട്രാഫിക് അപകടങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ ആപ്പുകള്‍ ഉണ്ടാക്കുമെന്നും റോഡുകളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പിഡബ്ല്യുഡിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ആവശ്യമെങ്കില്‍ യോജിച്ച പ്രവര്‍ത്തനം ഉണ്ടാകും. പൊലീസ് പരിശീലനത്തില്‍ മാറ്റം കൊണ്ടുവരും. സൈബര്‍ കുറ്റകൃത്യങ്ങളെ ഗൗരവത്തോടെ കാണും സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങളില്‍ പരിമിതിയുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ അടിസ്ഥാന സൗകര്യം കൂട്ടും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കും. വര്‍ഗീയ ചേരിതിരിവ് അടക്കമുള്ളവ സൈബറിടത്തില്‍ നടക്കുന്നു. സോഷ്യല്‍ മീഡിയയിലെ വ്യക്തിഹത്യ വര്‍ദ്ധിക്കുന്നു. സ്വഭാവഹത്യ, ലൈംഗിക ചൂഷണം എന്നിവ ഗൗരവത്തോടെ കാണും’, രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ ജനങ്ങള്‍ക്ക് നിര്‍ഭയമായി വരാന്‍ കഴിയണമെന്നും ഓപ്പറേഷന്‍ കുബേരയുടെ കാര്യം ആലോചിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button