

കെപിസിസി ലെറ്റർ പാഡിൽ വ്യാജ കത്ത്; സണ്ണി ജോസഫിന്റെ പരാതിയിൽ 2 സുധാകര അനുകൂലികൾക്കെതിരെ കേസ്
Janasabdham Desk2 hours ago
0 1 minute read

സമൂഹ മാധ്യമങ്ങളിലൂടെ കെപിസിസി ലെറ്റർ പാഡിൽ വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാതിയിൽ സൈബര്‍ പൊലീസാണ് കേസെടുത്തത്. തന്റെ പേരില്‍ കെപിസിസി ലെറ്റർ പാഡിൽ വ്യാജ കത്ത് പ്രചരിപ്പിച്ചെന്നാണ് അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നത്.
സുധാകര അനുകൂലികളായ അഡ്വ. കെജെ ജോസഫ്, അബ്ദുൽ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ എംപി കെ സുധാകരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് സണ്ണി ജോസഫ് കത്ത് നല്‍കി എന്ന തരത്തിൽ രണ്ട് പേരുടെയും ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു പ്രചാരണം.
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്നു കത്ത് പോയെന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്നു പരാതിയില്‍ പറയുന്നു. കെ സുധാകരൻ എംപി ക്ക് കണ്ണൂരില്‍ സീറ്റ് നല്‍കരുതെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയ സാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് നല്‍കിയെന്നാണ് ആരോപണം.
വിശ്വസിക്കുന്നില്ലെന്നായിരുന്നു കെ സുധാകരൻ എംപി യുടെ നിലപാട്. സംഭവത്തിൽ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു. സുധാകരനെതിരെയുള്ള കത്ത് പുറത്തു വന്നത് കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാക്കിയിരുന്നു. പേരാവൂരിലെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സണ്ണി ജോസഫിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചതായിരുന്നു കത്തും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും. ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ പദവി രാജി വയ്ക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.



