NationalNews

ഫയര്‍ഫോഴ്‌സ് ശക്തിപ്പെടുത്താന്‍ 1000 ഹോംഗാര്‍ഡുമാര്‍; വിരമിച്ച സൈനികരെ നിയമിക്കുമെന്ന് രമേശ് ചെന്നിത്തല

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിന്റെ പ്രവര്‍ത്തനശേഷി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച 1000 പേരെ ഹോംഗാര്‍ഡുമാരായി പുതുതായി നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, ട്രാഫിക് ഡ്യൂട്ടി, പൊതുസുരക്ഷാ സേവനങ്ങള്‍ എന്നിവയ്ക്കായിരിക്കും ഇവരെ വിന്യസിക്കുക. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ദുരന്തസാഹചര്യങ്ങളും പൊതുസുരക്ഷാ ആവശ്യങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കാലാവസ്ഥാ വ്യതിയാനവും വര്‍ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങളും മുന്‍നിര്‍ത്തി ഫയര്‍ഫോഴ്‌സിനെ സമഗ്രമായി ആധുനികവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ കര്‍മപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 133 ഫയര്‍ സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ഉദ്യോഗസ്ഥരെയും ഫയര്‍മാന്‍മാരെയും നിയമിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉയരം കൂടിയ കെട്ടിടങ്ങളിലെ തീപിടുത്തങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനായി സ്‌കൈ ലിഫ്റ്റുകളും സ്‌മോള്‍ ലിഫ്റ്റുകളും വാങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുരന്തനിവാരണ ബോധവല്‍ക്കരണ പരിപാടികളും സെല്‍ഫ് ഡിഫന്‍സ് പരിശീലനവും വ്യാപിപ്പിക്കും. റെസിഡന്‍സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ സിവില്‍ ഡിഫന്‍സ് പരിശീലനം ശക്തമാക്കും. കുട്ടികള്‍ക്കും ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്ന പദ്ധതികളും സംസ്ഥാനവ്യാപകമായി നടപ്പാക്കും. സംസ്ഥാനത്തെ തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങളുടെ സര്‍വേ ആരംഭിക്കുമെന്നും കാട്ടുതീ പ്രതിരോധത്തിനായി വനം വകുപ്പുമായി ചേര്‍ന്ന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

തീപിടുത്തം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള ദുരന്ത സാഹചര്യങ്ങളില്‍ ഫയര്‍ഫോഴ്‌സ് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, കോഴിക്കോട് ജയലക്ഷ്മി, ബ്രഹ്‌മപുരം, കറ്റാഴം എന്നിവിടങ്ങളിലെ തീപിടുത്തങ്ങളും മൂന്നാറിലെ രക്ഷാപ്രവര്‍ത്തനങ്ങളും സേനയുടെ പ്രൊഫഷണല്‍ മികവിന്റെ ഉദാഹരണമാണെന്നും പറഞ്ഞു.മുന്‍പ് നേവിയെയും എന്‍ഡിആര്‍എഫിനെയും ആശ്രയിച്ചിരുന്ന പല രക്ഷാപ്രവര്‍ത്തനങ്ങളിലും ഇന്ന് ആദ്യം എത്തുന്ന സേനയായി ഫയര്‍ഫോഴ്‌സ് മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാളും ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button