
പിഎം ശ്രീയില്‍ ഒപ്പിട്ട് പ്രതിസന്ധിയുണ്ടാക്കിയത് കഴിഞ്ഞ സര്‍ക്കാരെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. തങ്ങള്‍ ഉപസമിതി രൂപീകരിച്ച് എല്ലാവശങ്ങളും പരിശോധിക്കുകയാണ്. ഉപസമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പഠിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
‘പിഎംശ്രീയില്‍ ഒപ്പിട്ടതോടെ ഒപ്പിടാത്തതുമൂലം തടഞ്ഞുവെച്ച ഫണ്ടുകള്‍ കേന്ദ്രം റിലീസ് ചെയ്തു. പദ്ധതിയില്‍ ഒപ്പിട്ടതിന് ശേഷം സര്‍ക്കാര്‍ തടസ്സം പറഞ്ഞത് പ്രശ്‌നങ്ങള്‍ ഉയര്‍ന്നതോടെയാണ്. മുന്നണിയില്‍ തന്നെ വിഷയങ്ങള്‍ ഉണ്ടായി. മന്ത്രിസഭയെയും സഖ്യകക്ഷികളെയും പോലും അറിയിക്കാതെയായിരുന്നു പദ്ധതിയില്‍ ഒപ്പിടാനുള്ള തീരുമാനം’, ഷംസുദ്ദീന്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ പിഎംശ്രീയില്‍ ഒപ്പുവെച്ചതിനാല്‍ കേരളവും നിലവില്‍ പദ്ധതിയില്‍ പങ്കാളിയാണെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് വ്യക്തമാക്കിയത്. 99കോടി രൂപയിലധികം പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിട്ടുണ്ട്. 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്. കരിക്കുലം ഫ്രീഡത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത് എന്നതാണ് ഇതുമായി ബന്ധപ്പെട്ട ആശയപരമായ എതിര്‍പ്പ്. പദ്ധതികള്‍ നടപ്പിലാക്കുന്ന സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണം എന്നതാണ് മറ്റൊരു നിബന്ധന. സമിതിയായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.



