KeralaNews

തെര‍ഞ്ഞെടുപ്പ് പരാജയം ; പാർട്ടിയിൽ അടിമുടി തിരുത്തൽ ലക്ഷ്യമിട്ട് സിപിഎം, പ്രളയക്കെടുതിയിൽ മുഖ്യമന്ത്രിക്ക് ഗോവിന്ദൻ്റെ വിമർശനം

തെര‍ഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ അടിമുടി തിരുത്തിന് ലക്ഷ്യമിട്ടുള്ള സംസ്ഥാന സമിതിയുടെ വിപുലീകൃത യോഗത്തിനായുള്ള ഒരുക്കത്തിലേക്ക് കടന്ന് സി പി എം. പാർട്ടിയിൽ വലിയ തിരുത്തലുകളാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പുതിയ ഊർജ്ജത്തോടെ സി പി എം തിരിച്ചുവരുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട് അടുത്തമാസം നടക്കുന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതിയുടെ സംഘാടക സമിതി രൂപീകരണം നിർവഹിച്ചുകൊണ്ടാണ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, വർഗ്ഗ ബഹുജന സംഘടനാ പ്രതിനിധികൾ എന്നിവർ വിപുലീകൃത കമ്മിറ്റിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം വിവരിച്ചു. പയ്യന്നൂർ കമ്മിറ്റിയിൽ പുനഃസംഘടനയോ ഇളക്കിപ്രതിഷ്ഠയോ ഉണ്ടായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ മഴ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി വി ഡി സതീശൻ പരാജയപ്പെട്ടതായി എം വി ഗോവിന്ദൻ ആരോപിച്ചു. കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാതെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുൻപ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിലാണ് പോയതെന്ന വി ഡി സതീശന്റെ വാദം തികച്ചും തെറ്റാണെന്നും, ഓരോ വാർത്താസമ്മേളനത്തിലും കളവ് പറയുന്ന രീതിയാണ് അദ്ദേഹത്തിന്റേതെന്നും ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button