
വനിതാ സംവരണ ഭേദഗതി അടക്കമുള്ള ബില്ലുകള്‍ക്ക് അവതരണാനുമതി. വോട്ടെടുപ്പിലൂടെയാണ് ലോക്സഭ ബില്ലുകള്‍ക്ക് അവതരണ അനുമതി നല്കിയത്. ബില്ലിനെ പിന്തുണച്ച് 251 പേര്‍ വോട്ടു ചെയ്തു. എതിര്‍ത്ത് 185 പേരും വോട്ടു ചെയ്തു. 131ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാനും അനുമതി. വാദങ്ങള്‍ ചര്‍ച്ചയ്ക്കിടെ അവതരിപ്പിക്കാമെന്ന് സ്പീക്കര്‍ ഓം ബിര്‍ല പ്രതിപക്ഷ അംഗങ്ങളോട് പറഞ്ഞു.
നേരത്തെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍ ബില്ലുകള്‍ സഭയില്‍ വെച്ചത്. വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍, കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകള്‍ ആണ് കേന്ദ്രം കൊണ്ടുവന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കേന്ദ്രഭരണ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചത്.
ലോക്‌സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയര്‍ത്തി വനിതാ സംവരണം നടപ്പിലാക്കുക ലക്ഷ്യമിട്ടുള്ളതാണ് ‘നാരീശക്തി വന്ദന്‍ അധിനിയം’ എന്നു പേരിട്ടിട്ടുള്ള ബില്‍. ഇതുപ്രകാരം 2029 ലെ പൊതു തെരഞ്ഞെടുപ്പില്‍ ലോക്‌സഭയുടെ അംഗബലം 543 ല്‍ നിന്നും 850 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. നിയമസഭകളിലും മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ 33 ശതമാനം സ്ത്രീ സംവരണം നടപ്പാകും.
എന്നാല്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെ കോണ്‍ഗ്രസിലെ കെ സി വേണുഗോപാല്‍ എതിര്‍ത്തു. 2029 ല്‍ ബിജെപിക്ക് ഭരണം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ബില്‍ കൊണ്ടു വന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും രക്ഷപ്പെടാനാണ് കേന്ദ്ര നീക്കം. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വനിതാ സംവരണം നടപ്പാക്കാനാണെങ്കില്‍ 2023 ല്‍ പാസ്സാക്കിയ ബില്‍ അന്നേ എന്തുകൊണ്ട് നടപ്പിലാക്കിയില്ലെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു.
അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള വനിതാ സംവരണ ഭേദഗതി അടക്കം മൂന്നു ബില്ലുകള്‍ ചര്‍ച്ച ചെയ്യാനാണ് ഏപ്രില്‍ 16, 17, 18 തീയതികളിലായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു കൂട്ടിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ബില്ലിനെ എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിലവിലെ 543 അംഗസംഖ്യയില്‍ മൂന്നിലൊന്ന് സ്ത്രീ സംവരണം കൊണ്ടു വരികയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അന്തരിച്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രശസ്ത ഗായിക ആശാ ഭോസ്ലേയ്ക്കും ലോക്‌സഭ അനുശോചനം രേഖപ്പെടുത്തിയശേഷമാണ് പാര്‍ലമെന്റ് നടപടികള്‍ക്ക് തുടക്കമായത്.


