KeralaNews

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയം നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ സിപിഐഎം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ സിപിഐഎം. സ്ഥാനാര്‍ഥി നിര്‍ണയം നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി നിര്‍ദേശം. ജില്ലാ കമ്മിറ്റികള്‍ക്കാണ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിജയസാധ്യതയാകണം സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മാനദണ്ഡം. യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും സിപിഐഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യോജിപ്പോടെ തീരുമാനമെടുക്കണമെന്നാണ് ജില്ലാ കമ്മിറ്റികളോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. എല്‍ഡിഎഫ് എന്ന നിലയില്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ കാര്യത്തിലും യോജിപ്പിന്റെ അന്തരീക്ഷം നിലനിര്‍ത്തണം. പൊതുസ്വീകാര്യതയുള്ള, പാര്‍ട്ടിയോടും മുന്നണിയോടും അടുപ്പമുള്ളവരുമായവരെ എതിരാളികള്‍ സ്ഥാനാര്‍ഥികളായി സ്വന്തമാക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നാണ് മറ്റൊരു സുപ്രധാന നിര്‍ദേശം. പൊതു സ്വതന്ത്രരേയും മറ്റും സ്ഥാനാര്‍ഥികളായി പരിഗണിക്കാം. എന്നാല്‍ എസ്ഡിപിഐ. ജമാഅത്തെ ഇസ്ലാമി, ബിജെപി തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ള ആരേയും സ്ഥാനാര്‍ഥികളായി നിര്‍ത്തരുതെന്നും കൃത്യമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിനായി മറ്റ് പാര്‍ട്ടികളും കച്ചമുറുക്കിക്കഴിഞ്ഞു. നവംബര്‍ ഒന്നു മുതല്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് കെപിസിസി ആലോചിക്കുന്നത്. തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിജെപിയും തിരഞ്ഞെടുപ്പിനെ നേരിടാന്‍ തിരക്കിട്ട നീക്കങ്ങളിലും ആലോചനകളിലുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button