KeralaNews

‘കന്റോൺമെന്റ് ഹൌസ് ഇത് വരെ ഒഴിഞ്ഞു കിട്ടിയില്ല ‘, അതൃപ്തി പ്രകടിപ്പിച്ച് പിണറായി

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൌസ് തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും ഒഴിഞ്ഞ് കിട്ടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കന്റോൺമെന്റ് ഹൗസ് ഇത് വരെ ഒഴിഞ്ഞു തന്നില്ലെന്ന് പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഔദ്യോഗിക വസതിയും ഓഫിസ് സംവിധാനങ്ങളും സമയത്തിന് ലഭ്യമാകാത്തതിനെ തുടർന്ന് എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആകാവുന്നത്ര വേഗത്തിൽ ഒഴിഞ്ഞുനൽകിയിട്ടും, തനിക്ക് ലഭിക്കേണ്ട കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് നൽകാൻ വി. ഡി. സതീശൻ തയ്യാറാകാത്തതിലള്ള അതൃപ്തി അദ്ദേഹം വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചു.

ആകാവുന്ന അത്രയും വേഗം താൻ ക്ലിഫ് ഹൗസ് ഒഴിഞ്ഞ് നൽകിയിരുന്നു. മുഖ്യമന്ത്രി എപ്പോൾ ക്ലിഫ് ഹൗസിലേക്ക് പോകുമെന്ന് അറിയില്ല. അറ്റകുറ്റ പണി ഇവിടെയും വേണ്ടിവരുമല്ലോ. പ്രതിപക്ഷ നേതാവിന്റെെ ഔദ്യോഗിക വസതി വിട്ടുകിട്ടാത്തതിനാൽ എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടി വന്നുവെന്നും പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനാധിപത്യ മര്യാദകൾ മുൻനിർത്തി പിണറായി വിജയൻ വളരെ പെട്ടെന്ന് തന്നെ ക്ലിഫ് ഹൗസ് പൂർണ്ണമായും ഒഴിഞ്ഞിരുന്നു. കന്റോൺമെന്റ് ഹൌസ് വി ഡി സതീശൻ ഒഴിഞ്ഞ് നൽകാത്തതിനെ തുടർന്ന് തിരുവനന്തപുരത്തെ താൽക്കാലിക വാടക വീട്ടിലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്. പുതിയ മുഖ്യമന്ത്രി വി. ഡി. സതീശൻ എപ്പോൾ ക്ലിഫ് ഹൗസിലേക്ക് താമസം മാറുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വസതി ഒഴിഞ്ഞാലും പുതിയ ആളുകൾ കയറുന്നതിന് മുൻപ് അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. കന്റോൺമെന്റ് ഹൗസിലും സമാനമായ രീതിയിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുമെന്നതിനാൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള മാറ്റം ഇനിയും നീളാനാണ് സാധ്യത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button