KeralaNews

കോൺ​ഗ്രസ് ജയിക്കുകയും ബിജെപി ഭരിക്കുകയും ചെയ്യുന്നതിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്: എം സ്വരാജ്

പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജ്. അധികാരത്തിൽ വന്നാൽ പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയും എന്ന് പറഞ്ഞയാളാണ് ഇപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി. പി എം ശ്രീ നടപ്പിലാക്കില്ലെന്ന് പി കുഞ്ഞാലിക്കുട്ടി പറഞ്ഞതും എം സ്വരാജ് ചൂണ്ടിക്കാണിച്ചു. കടലിൽ എറിയണമെന്നില്ല എൽഡിഎഫ് നിർത്തിവെച്ച പദ്ധതി പൊടിതട്ടി തലയിൽ കയറ്റിവെയ്ക്കാതിരുന്നാൽ മതിയെന്നും എം സ്വരാജ് വ്യക്തമാക്കി. വലിച്ചെറിയുമെന്ന് പറയുന്നവർ എടുത്ത് തലയിൽ വെയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും എം സ്വരാജ് കുറ്റപ്പെടുത്തി.

‘പി എം ശ്രീയിൽ നിന്ന് ഒപ്പിട്ട് പണം വാങ്ങിയെന്നാണ് ഇപ്പോൾ ഉത്തരവാദിത്വപ്പെട്ടവർ പറയുന്നത്. ഒരു നയാപൈസ പി എം ശ്രീ ഇനത്തിൽ കേരളം കൈപ്പറ്റിയിട്ടില്ല. പി എം ശ്രീ പദ്ധതിയിൽ ഏതൊക്കെ സ്കൂളുകൾ വേണം എന്ന കാര്യത്തിൽ പോലും ആലോചിച്ചിട്ടില്ല.ആ പദ്ധതി നടപ്പിലാക്കാനേ ഉദ്ദേശിച്ചിട്ടി’ല്ലെന്നും എം സ്വരാജ് വ്യക്തമാക്കി. ‘ഞങ്ങൾ ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രിയുടെ മുന്നിൽ നേരിട്ട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ല നിർത്തിവെയ്ക്കുകയാണ് എന്ന രേഖാമൂലം കത്ത് കൊടുത്തതാണ്. സമ​ഗ്രശിക്ഷയുടെ ഫണ്ട് വാങ്ങിയതിനാണ് പി എം ശ്രീയുടെ ഫണ്ട് വാങ്ങിയെന്ന് പറയുന്നത്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം പോലും ഈ പറയുന്നവർ മനസ്സിലാക്കിയിട്ടില്ലെ’ന്നും എം സ്വരാജ് കുറ്റപ്പെടുത്തി.

‘സമ​ഗ്ര ശിക്ഷയിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് വ്യവസ്ഥാപിതമായി ലഭിക്കേണ്ടതാണ്. എന്നാൽ 2023-24 മുതൽ പിഎം ശ്രീയിൽ ഒപ്പിട്ടില്ല എന്ന കാരണം പറഞ്ഞ് ആ ഫണ്ട് മരവിപ്പിക്കുകയാണ് ചെയ്തത്. അതാണ് പ്രശ്ന’മെന്നും എം സ്വരാജ് ചൂണ്ടിക്കാണിച്ചു. ‘ഒരുഘട്ടത്തിൽ ഈ ഫണ്ടിൽ കുടിശ്ശികയുണ്ടായിരുന്നത് സ്കൂൾ യൂണിഫോം, പാഠപുസ്തകം തുടങ്ങിയവയെല്ലാം വിതരണം ചെയ്തതിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കേന്ദ്രത്തിൻ്റെ വിഹിതം തരണം എന്ന ആവശ്യത്തിൽ സമ​ഗ്രശിക്ഷയുടെ ഒരു ​ഗഡു അനുവദിച്ചതിനെയാണ് പിഎം ശ്രീ ഫണ്ട് എന്ന് കളവായി ചിലർ പറഞ്ഞു കൊണ്ടിരിക്കുന്ന’തെന്നും എം സ്വരാജ് കുറ്റപ്പെടുത്തി.

‘പിഎം ശ്രീ പദ്ധതി കേരളം നടപ്പിലാക്കാൻ ഉദ്ദേശിക്കാത്ത പദ്ധതിയാണ്. ഉപേക്ഷിച്ച പദ്ധതിയാണ്. എംഒയു നിർത്തലാക്കണമെന്ന് സർക്കാർ ഔപചാരികമായി കേന്ദ്രത്തെ അറിയിച്ചതാണ്. രേഖാമൂലവും നേരിട്ടും അറിയിച്ചതാണ്. നിലവിൽ അങ്ങനെയൊരു പദ്ധതിയില്ല. മണ്ണിട്ട് മൂടിയ ഒരുപദ്ധതിയെ വലിച്ചെറിയും എന്ന് പറഞ്ഞവർ കുഴിമാന്തിയെടുത്ത് തലയിലേറ്റി കൊണ്ട് നടക്കുന്നതാണ് ഇപ്പോൾ കാണുന്നത്. ഇത് കേരളത്തോടുള്ള വെല്ലുവിളി’യാണെന്നും എം സ്വരാജ് കുറ്റപ്പെടുത്തി..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button