KeralaNews

‘പ്രതിപക്ഷം കേരളത്തിന്റെ വികസനത്തെ ബലികൊടുക്കുന്നു; കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളിൽ മൗനം’: മുഖ്യമന്ത്രി

കേന്ദ്രസർക്കാ‌രിന്റെ കേരളത്തോടുള്ള അനീതിയിൽ പ്രതിപക്ഷത്തിന് മൗനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ വികസനത്തെ തകര്‍ക്കാന്‍ കേന്ദ്രം നടത്തുന്ന ഈ നീക്കങ്ങളെ തുറന്നു കാട്ടുന്നതിന് പകരം അവയ്ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സംസ്ഥാനത്തെ പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് അര്‍ഹമായ വിഹിതം ചോദിച്ചു വാങ്ങുന്നതിനായി കേന്ദ്രത്തിന് നിവേദനം നല്‍കാന്‍ പോലും തയ്യാറാകാത്ത പ്രതിപക്ഷ നേതാവും യു.ഡി.എഫ് എം.പിമാരും കേരളത്തിലെ ജനങ്ങളോട് കടുത്ത വഞ്ചനയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ലമെന്‍റില്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തയ്യാറാകാത്ത കോൺ​ഗ്രസ്, രാഷ്ട്രീയ ലാഭത്തിനായി നാടിന്‍റെ വികസനത്തെ ബലികൊടുക്കുകയാണ്. കേന്ദ്ര ഗ്രാന്‍റ് ഇന്‍എയ്ഡില്‍ 15,309.60 കോടി രൂപയുടെ കുറവ് (56%) ഉണ്ടായിട്ടും ഇവര്‍ മൗനം പാലിക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്ന് ചോദിച്ച മുഖ്യമന്ത്രി കേരളത്തിനെ അപമാനിക്കാനും വികസനം മുടക്കാനും ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ഒന്നുപോലും ഇവര്‍ പാഴാക്കുന്നില്ല എന്നത് ലജ്ജാകരമാണെന്നും പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ യു.ഡി.എഫ് സമീപനം എന്താണ്? എന്താണ് ലോക്സഭയില്‍ 18 എം പി.മാര്‍ കൈക്കൊള്ളുന്ന സമീപനം? എങ്ങനെ കേരളത്തിനുള്ള സഹായം കുറയ്ക്കാം എന്ന ലക്ഷ്യത്തോടെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ നമ്മുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ കേരളത്തിന്‍റെ പൊതുതാത്പര്യത്തിനെതിരെ കേന്ദ്ര ഭരണകക്ഷിയോട് ചേര്‍ന്നുനില്‍ക്കാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button