ഇറാന്‍-യുഎസ് നിര്‍ണായക ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം പൂർണമായും അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാനും യുഎസും തമ്മില്‍ നിര്‍ണായക ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കും. ഇതിനായി ഇറാന്‍ സംഘം സ്വിറ്റ്‌സര്‍ലന്‍ഡിലെത്തി. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി എന്നിവരാണ് ഇറാന്‍ സംഘത്തിലുള്ളത്. യുഎസ് സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നയിക്കും. മധ്യസ്ഥ രാജ്യമായ പാകിസ്താന്റെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി അസിം മുനീര്‍ എന്നിവരും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടു.
ഇറാനും യുഎസും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയിട്ടും ഇസ്രായേല്‍ ലെബനാനില്‍ കൂട്ടക്കുരുതി തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചര്‍ച്ച നടക്കുന്നത്. 14 ഇന ധാരണാപത്രം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക എന്നതാകും സ്വിറ്റ്‌സര്‍ലന്റ് ചര്‍ച്ചയില്‍ മുഖ്യമെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. ഇസ്രായേലിനും ഹിസ്ബുല്ലക്കും ഇടയിലെ അടിയന്തര വെടിനിര്‍ത്തലും ഇറാന്‍-അമേരിക്ക സംഭാഷണത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, മാര്‍ച്ച് രണ്ട് മുതല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ലെബനാനില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 4,057 ആയി. 12,121 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, സിവിലിയന്‍ കുരുതി കുറക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തുന്ന സേനയാണ് ഇസ്രായേലിന്റേതെന്നാണ് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അവകാശപ്പെട്ടത്. ലെബനാനിലെ വ്യാപക കുരുതിക്കെതിരെ ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പരസ്യ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു നെതന്യാഹു.



