
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം തുടരുന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി ഡല്‍ഹി പൊലീസ്. നിരാഹാര സമരം നടക്കുന്ന ജന്തര്‍ മന്തറിലെ വേദിയില്‍ അതിരാവിലെയെത്തിയാണ് പൊലീസിന്റെ നീക്കം. സോനം വാങ്ചുകിന്റെ നിരാഹാര സമരം 20 ദിവസം പിന്നിട്ടതോടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. സിജെപി സമരവേദിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. പ്രവര്‍ത്തകരെ ഒഴിപ്പിക്കാനും പൊലീസ് നീക്കമുണ്ട്.
ഡല്‍ഹി ഹൈക്കോടതിയുടെയും ആരോഗ്യ വിദഗ്ധരുടെയും നിര്‍ദേശപ്രകാരമാണ് സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് പൊലീസ് പ്രതികരിച്ചു. ‘ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സോനം വാങ്ചുക്കിനെ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശവും അനുസരിച്ച് അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനിടെ ജന്തര്‍ മന്തറിലെ പ്രതിഷേധക്കാര്‍ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടായി. എന്നാല്‍ പൊലീസ് പരമാവധി സംയമനം പാലിച്ചുകൊണ്ട് നടപടി പൂര്‍ത്തിയാക്കി. ജന്തര്‍ മന്തറില്‍ തുടരുന്ന പ്രതിഷേധക്കാര്‍ എത്രയും വേഗം സമാധാനപരമായി സ്ഥലം ഒഴിയണമെന്ന് അഭ്യര്‍ഥിക്കുന്നു’ -പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.
മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കും വരെ നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വാങ്ചുക് പറഞ്ഞിരുന്നു. ജൂലൈ 20-ന് പാര്‍ലമെന്റിലേക്ക് സിജെപി നടത്താന്‍ നിശ്ചയിച്ച മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘ജൂലൈ 20 വരെ ഏതുവിധേനയും ജീവനോടെയുണ്ടാകും. അന്ന് എല്ലാവര്‍ക്കുമൊപ്പം പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഞാനും വരും. ഒരുപക്ഷേ, അന്ന് നമ്മുടെ മാര്‍ച്ച് വിജയിച്ചില്ലെങ്കില്‍, ഞാനൊരു പ്രേതമായി തിരികെയെത്തും’ എന്നാണ് വാങ്ചുക്കിന്റെ വാക്കുകള്‍. ബോളിവുഡ് താരങ്ങളില്‍ നിന്ന് ഉള്‍പ്പെടെ സമരത്തിന് പിന്തുണയേറുന്ന ഘട്ടത്തിലാണ് ഡല്‍ഹി പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയത്.



