‘കേരളത്തില്‍ 10,000 കോടി നിക്ഷേപിക്കാന്‍ കത്ത് നല്‍കിയിട്ടില്ല’; മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശവാദം തള്ളി കമ്പനി. കേരളത്തിലെന്നല്ല ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ മിഷൻ സമുദ്രയുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വലിയ നിക്ഷേപം നടത്തുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പിന്നീട് നടന്ന ഒരു സെമിനാറിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. വി ഡി സതീശൻ പറഞ്ഞതുകേട്ട് അമ്പരന്നുവെന്നും ഇത്തരത്തിൽ വലിയൊരു നിക്ഷേപം നടത്താനുള്ള നീക്കം ടാറ്റ ഗ്രൂപ്പിനില്ലെന്നുമാണ് ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇപ്പോഴത്തെ സർക്കാരോ കഴിഞ്ഞ സർക്കാരോ തങ്ങളെ സമീപിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.അഭിമുഖത്തിന്റെ വീഡിയോ കണ്ടു. വി ഡി സതീശന് ഇക്കാര്യത്തിൽ വ്യക്തമായ അറിവില്ലാത്തതാവാം ഇങ്ങനെ പറയാൻ കാരണം. മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആധികാരികമല്ലാത്ത കാര്യങ്ങൾ കമ്പനിയുടെ പേര് ഉൾപ്പെടെ പരാമർശിച്ച് വെളിപ്പെടുത്തരുതെന്നും ടാറ്റ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് പറഞ്ഞു.എന്നാൽ, വാർത്ത വന്നതിന് പിന്നാലെ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതിൽ പ്രതികരിച്ചിട്ടില്ല. ടാറ്റ ഗ്രൂപ്പുമായി ചർച്ചകൾ നടക്കുന്നുണ്ട്. ഒരു മാസത്തിനകം തീരുമാനമാകുമെന്നുമാണ് വി ഡി സതീശൻ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
