KeralaNews

ഒരു സുപ്രഭാതത്തില്‍ നേതാവായതല്ല ഞാന്‍, ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ നേതാവാകും: രമേശ് ചെന്നിത്തല

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച സജീവമായി നടക്കുന്നതിനിടെ രമേശ് ചെന്നിത്തലയുടെ ഒരു പ്രസംഗം ശ്രദ്ധ നേടുന്നു. നേതാവായി ഒരു സുപ്രഭാതത്തില്‍ പൊട്ടിവീണയാളല്ല താനെന്ന് രമേശ് ചെന്നിത്തല വിശദീകരിക്കുന്ന പ്രസംഗമാണ് ശ്രദ്ധ നേടുന്നത്. സൈക്കിളില്‍ പോയി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ പോലും നേതാവാകുമെന്നും രമേശ് ചെന്നിത്തല സൂചിപ്പിച്ചു.

എറണാകുളത്തെ ഒരു പുരസ്‌കാര ദാനചടങ്ങില്‍ പങ്കെടുത്തുകൊണ്ടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. താന്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും താണ്ടി ഏറെക്കാലം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയാണ് താന്‍ വളര്‍ന്നതെന്ന് രമേശ് ചെന്നിത്തല പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് തന്റെ പ്രവര്‍ത്തന പാരമ്പര്യം പറഞ്ഞ് പരോക്ഷമായി മറുപടി നല്‍കുകയാണ് രമേശ് ചെന്നിത്തല. വളരെ പ്രയാസങ്ങള്‍ സഹിച്ച് മുന്നേറിയവരാണ് കോണ്‍ഗ്രസിന്റെ പഴയ തലമുറ. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ വരെ നേതാവാകാമെന്നും അദ്ദേഹം പറഞ്ഞു.

കിലോമീറ്ററുകളോളം സൈക്കില്‍ ചവിട്ടി ചെന്നാണ് പല സ്ഥലത്തും കെ എസ് യു യൂണിറ്റുകളുണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആരാകും യുഡിഎഫിന്റെ മുഖ്യമന്ത്രി എന്ന ചോദ്യത്തിലൂന്നിയാണ് സജീവ ചര്‍ച്ചകള്‍ നടക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനും വി ഡി സതീശനും വേണ്ടി കോണ്‍ഗ്രസ് അനുകൂലികള്‍ ചേരിതിരിഞ്ഞ് ചര്‍ച്ചകള്‍ നടത്തുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നതിനോട് ഘടകകക്ഷികള്‍ക്ക് ഉള്‍പ്പെടെ കടുത്ത വിയോജിപ്പുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button