
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാൻ കഴിഞ്ഞേക്കുമെന്ന സൂചനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ സന്തുലിതമായ നയതന്ത്രസമീപനമാണ് വിഷയത്തിൽ സ്വീകരിക്കുന്നത്. നാളെ ഈ വിഷയത്തിൽ ഇന്ത്യയുടേതായ പങ്ക് വഹിക്കുകയും വിജയം നേടുകയും ചെയ്യുന്ന സമയം വന്നേക്കാമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
“ഇന്ത്യ ഇതിനകം തന്നെ സമാധാന ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട്. നാളെ ഇന്ത്യയ്ക്ക് ഈ വിഷയത്തിൽ ഇടപെടാനും പ്രശ്നങ്ങൾ അവസാനിപ്പിക്കാനും അവസരം ലഭിക്കാം. ആ സാധ്യത തള്ളിക്കളയാൻ കഴിയില്ല. യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര കാര്യങ്ങളിൽ പ്രധാനമന്ത്രി സന്തുലിതമായ സമീപനമാണ് സ്വീകരിക്കുന്നത്” രാജ്‌നാഥ് സിങ് പറഞ്ഞു.
സമാധാനപരമായ പരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ,ഡോണള്‍ഡ് ട്രംപ് എന്നിവരുൾപ്പെടെ നിരവധി ലോകനേതാക്കളുമായി ചർച്ചകൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ത്യ മുന്നോട്ട് പോകുന്ന രീതി നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ, ഹോർമുസ് കടലിടുക്കിലൂടെ മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് സഞ്ചരിക്കാൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ആരുടെയെങ്കിലും 7-8 കപ്പലുകൾ കടത്തിവിട്ടെങ്കിൽ അത് ഇന്ത്യയുടേതായിരുന്നു. അമേരിക്കയും ഇറാനും ഇന്ത്യയെ ശത്രുവായി കാണുന്നില്ല. വിഷയത്തിൽ സന്തുലിതമായ നയതന്ത്രസമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്” അദ്ദേഹം വ്യക്തമാക്കി.



