
കാട്ടാന ആക്രമണം തടയാന്‍ 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം. വന്യജീവികള്‍ മൂലമുള്ള അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ലഘൂകരിക്കുന്നതിനുമായാണ് കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ അഞ്ചുപേര്‍ വീതമുള്ള 100 ബാച്ചുകളായി സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് യൂണിറ്റുകള്‍ രൂപീകരിക്കുന്നത്. മന്ത്രി ഷിബു ബേബി ജോണാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
വന്യജീവി സാന്നിദ്ധ്യം അനുഭവപ്പെടുന്ന മേഖലകളെ സംബന്ധിച്ച് അറിവുള്ള ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരും വനം വകുപ്പില്‍ നിന്നും വിരമിച്ച വിദഗ്ധരും പരിചയസമ്പന്നരായ തദ്ദേശവാസികളും സാങ്കേതിക പരിജ്ഞാനമുള്ളവരുമുള്‍പ്പെടെയുള്ളവരാണ് സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സില്‍ ഉണ്ടാവുക. ഈ യൂണിറ്റുകളെ സംസ്ഥാന വ്യാപകമായി വിന്യസിക്കും.
ആനകളുടെ സഞ്ചാരപഥങ്ങളും നീക്കങ്ങളും സദാ നിരീക്ഷിക്കുക, ജനവാസമേഖലകളിലോ ജനവാസകേന്ദ്രങ്ങളുടെ സമീപത്തോ സമീപ പ്രദേശങ്ങളിലോ കാട്ടാനകളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്ന പക്ഷം കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങള്‍ നേരിട്ടും വിവിധ മാധ്യമങ്ങളിലൂടെയും നല്‍കുന്നതിലൂടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ്ജ വേലികള്‍ ഉള്‍പ്പെടെയുള്ള വിവിധ വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ പ്രവര്‍ത്തന ക്ഷമത നിരന്തരം നിരീക്ഷിച്ച് ഉറപ്പു വരുത്തുക, ജനവാസമേഖലയോട് അടുത്തെത്തുന്ന കാട്ടാനകളെ സുരക്ഷിതമായി കാട്ടിലേക്ക് തുരത്തുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍ആര്‍ടികള്‍ക്ക് വേണ്ട സഹായങ്ങളും പിന്തുണയും ലഭ്യമാക്കുക, മറ്റു സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക തുടങ്ങിയവയായിരിക്കും സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. സംഘര്‍ഷ ബാധിത മേഖലകളില്‍ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് 24 മണിക്കൂറും പെട്രോളിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.



