
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് ആരോപണം തുടങ്ങിയ നിർണായക വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ കോൺഗ്രസ് എം.പി. ശശി തരൂർ രൂക്ഷവിമർശനം ഉന്നയിച്ചു. പാർലമെന്റ് എന്നത് സർക്കാരിന്റെ ബില്ലുകൾ പ്രഖ്യാപിക്കാനും പാസാക്കാനുമുള്ള വെറുമൊരു ‘നോട്ടീസ് ബോർഡ്’ അല്ലെന്നും, ജനങ്ങളുടെ ശബ്ദവും ആശങ്കകളും ഉയർത്താനുള്ള ജനാധിപത്യ വേദിയാണെന്നും അദ്ദേഹം ഡൽഹിയിൽ ഓർമ്മിപ്പിച്ചു. രാജ്യത്തുടനീളമുള്ള പ്രധാന പ്രശ്നങ്ങളിൽ പ്രതിപക്ഷത്തിന് പറയാനുള്ളത് കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും തരൂർ ആവശ്യപ്പെട്ടു.
കോക്രോച് ജനത പാർട്ടിയുടെ പാർലമെന്റ് മാർച്ചിൽ പോലീസ് നടത്തിയ ലാത്തിച്ചാർജിനെയും തരൂർ ശക്തമായി അപലപിച്ചു. സമാധാനപരവും അഹിംസാത്മകവുമായ പ്രതിഷേധങ്ങൾക്ക് നേരെ ലാത്തിച്ചാർജ് നടത്തിയതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും, ഇത് അക്രമത്തിന്റെ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രശ്നങ്ങളിലെ ചർച്ചകളെ കേന്ദ്ര സർക്കാർ എന്തിനാണ് ഇത്രമാത്രം ഭയക്കുന്നതെന്ന് വ്യക്തമാക്കണമെന്നും, എല്ലാ കാഴ്ചപ്പാടുകളും കേൾക്കാനും ആവശ്യമെങ്കിൽ തർക്കിക്കാനുമുള്ള വേദിയായി പാർലമെന്റ് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന് പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെന്ന കാര്യം പ്രതിപക്ഷത്തിന് അറിയാമെന്നും, എന്നാൽ കുറഞ്ഞപക്ഷം ജനങ്ങളുടെ ആശങ്കകളെങ്കിലും കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും തരൂർ പറഞ്ഞു. സർക്കാർ സഹകരിക്കുകയാണെങ്കിൽ പ്രതിപക്ഷവും സഹകരിക്കുമെന്നും പരസ്പര സഹകരണം ഉണ്ടാകണമെന്നും തരൂർ പറഞ്ഞു. ഇത്തരം പരസ്പര സഹകരണവും വിട്ടുവീഴ്ചയും ഉണ്ടായാൽ മാത്രമേ പാർലമെന്റ് കൃത്യമായ രീതിയിൽ പ്രവർത്തിക്കുകയുള്ളൂവെന്നും ശശി തരൂർ വ്യക്തമാക്കി.



