
സംസ്ഥാനത്ത് കാലവർഷക്കെടുതിയെ തുടർന്ന് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ വളരെ പരിതാപകരമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചങ്ങാനാശേരിയിലെ ഒരു ക്യാമ്പിൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ ഭക്ഷണവും കുടിവെള്ളവും ലഭിക്കാത്ത സാഹചര്യമുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ താൻ മൂന്ന് മണിക്ക് അല്ലേ ഭക്ഷണം കഴിച്ചതെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിന് മറുപടിയായി ചോദിക്കുന്നത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നിലവിലെ ക്യാമ്പുകളിൽ ദുരിതം മാത്രമാണുള്ളതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. 2018-2019 കാലഘട്ടത്തിൽ ദുരന്തമുഖത്ത് കൃത്യമായ ഏകോപനം ഉണ്ടായിരുന്നുവെങ്കിലും നിലവിൽ അതില്ല. ഭക്ഷണം നൽകാൻ സന്നദ്ധ സംഘടനകൾ തയ്യാറാണെങ്കിലും പ്രതിസന്ധികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രിക്ക് ധാരണയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം മുഖ്യമന്ത്രിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ‘പുനർജനി’ പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ കുറ്റവിമുക്തനാണെന്ന് ആഭ്യന്തര മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി പറയിപ്പിക്കുകയാണെന്നും എന്നാൽ കോടതിയിൽ കേസ് ഇപ്പോഴും നിലവിലുണ്ടെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. പുനർജനിയുടെ ഭാഗമായി പിരിച്ച പണം എവിടെയെന്ന് ചോദിച്ച അദ്ദേഹം, 216 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞിട്ട് അതിൽ ഒരെണ്ണമെങ്കിലും നൽകിയെന്ന് തെളിയിക്കാൻ കഴിയുമോ എന്നും വെല്ലുവിളിച്ചു.



