
‘പോരും ഇല്ലാ, പോരാത്തതിനു മത്സരവും ഇല്ലാ’ എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പെഴുതി തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍. വകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരില്ലെന്നും മത്സരമുണ്ടെന്നും വകുപ്പു മന്ത്രി കെ.എം.ഷാജി വ്യക്തമാക്കിയതിനു പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം. മാലിന്യമുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായി തദ്ദേശ വകുപ്പിന്റേതായി ഐഎഎസ് ഉദ്യോഗസ്ഥരായ ടി.വി.അനുപമയും ദിവ്യ എസ്.അയ്യരും രണ്ട് വ്യത്യസ്ത പദ്ധതികള്‍ പ്രഖ്യാപിച്ചതു വിവാദമായപ്പോഴാണ് ഇന്നലെ മന്ത്രി പ്രതികരിച്ചത്.
‘‘വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്. അതു മാത്രമാണ് പോര്’ – ആദി എന്ന യുവകവിയുടെ കവിതാശകലം ഉദ്ധരിച്ചാണ് ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മനുഷ്യരെ സ്‌നേഹിക്കുന്നു, പുല്‍കുന്നു, പുകഴ്ത്തുന്നു എന്നു മാത്രമേ ഇന്നുവരെ എന്നെ പഴിചാരി കേട്ട് ഓര്‍മയുള്ളു. ഇപ്പോള്‍ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത് ഞാനല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ച ബോധ്യം മനസില്‍ തെളിയുന്നുണ്ട്. ഒരുനാളും ഒരാളോടും ഞങ്ങള്‍ക്കു തോന്നാത്ത വികാരങ്ങള്‍ ആണ് ഇവ. വ്യക്തമായ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ കൃത്യനിര്‍വഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചാരണങ്ങള്‍ക്ക് വിരാമം ഇടണം എന്ന് അഭ്യര്‍ഥിക്കുന്നു’’ – ദിവ്യയുടെ കുറിപ്പില്‍ പറയുന്നു.
തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ ‘നിര്‍മലം’ എന്ന പേരിലും വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ ‘ഐ.സി. 100 ചലഞ്ച്’ എന്ന പേരിലും പ്രഖ്യാപിച്ച പദ്ധതികള്‍ കേന്ദ്രീകരിച്ചാണ് വിവാദമുണ്ടായത്. നിര്‍മലം അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതിയാണ്. ഇതില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വലിയ റോളൊന്നും ഇല്ലാതിരുന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണു പറയുന്നത്.



