
വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള തങ്ങളുടെ നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബാക്കിയുള്ള വരികൾ വർഗീയ ചുവയുള്ളത്. അത് മതനിരപേക്ഷതക്ക് വേണ്ടിയാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”മതനിരപേക്ഷതയ്ക്ക് വേണ്ടിയിട്ടാണ് അത്. ആ രീതി തന്നെ വേണം എന്ന് തന്നെയാണ് ഞങ്ങൾ ഇന്നലെവരെയും, ഇപ്പോഴും, ഈ നിമിഷം വരെയും ശക്തിയായിട്ട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഈ ആവശ്യം ചില മേഖലയിലൊക്കെ നടപ്പിലാക്കാൻ വേണ്ടിയിട്ട് തയ്യാറാകുന്നു എന്നുള്ളത് സ്വാഭാവികമായിട്ടും സ്വാഗതം ചെയ്യപ്പെടേണ്ടുന്ന കാര്യം തന്നെയാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 80-ാം വാർഷിക പരിപാടികൾ രാജ്യത്തെമ്പാടും ഇന്ന് നമ്മൾ ആചരിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായിട്ടുള്ള പോരാട്ടത്തിൽ അതിശക്തമായ ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ, ചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലമായ സ്വാതന്ത്ര്യ പോരാട്ടമായിട്ട് അതിനെ മാറ്റാൻ ഇന്ത്യൻ ജനതയ്ക്ക് സാധിച്ചു എന്ന അഭിമാനബോധത്തോടെയാണ് നമ്മൾ ഈ 80-ാം വാർഷികം സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നടത്തുന്നത്.
കേരളത്തിലാണെങ്കിൽ കയ്യൂർ സഖാക്കൾ—നാല് ധീരരായ പോരാളികൾ, നമുക്കറിയാം അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പുനായരും അബൂബക്കറും ഉൾപ്പെടെയുള്ള രണധീരരായ പോരാളികൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കഴുമരമേറിയവരാണ്. ഇങ്ങനെയുള്ള നിരവധി പോരാട്ടങ്ങളിലൂടെ, സമരങ്ങളിലൂടെ, രക്തസാക്ഷിത്വത്തിലൂടെ, സഹനത്തിലൂടെ നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നുള്ളത് ഇന്ത്യൻ ജനതയുടെ വർത്തമാന കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയായിട്ട് വരികയാണ്.ഇതിനെയെല്ലാം ശക്തിയായിട്ട് എതിർത്തുകൊണ്ട് മാത്രമേ ജനാധിപത്യം നിലനിർത്താനും മുന്നോട്ടേക്ക് പോകാനും നമുക്ക് സാധിക്കുകയുള്ളൂ. ഫാസിസ്റ്റ് പ്രവണതയോടുകൂടി ഭരണകൂടം ജനങ്ങൾക്കെതിരായിട്ട് തിരിയുമ്പോൾ, രാജ്യം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടും ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ സംഘടിപ്പിച്ചുകൊണ്ടും ജനാധിപത്യ ശക്തികളാകെ ഒറ്റക്കെട്ടായി മുൻപോട്ടു വരാൻ, വർഗീയതയ്ക്കെതിരായ ഹിന്ദുത്വ അജണ്ട വെച്ച് കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണവർഗ്ഗ നിലപാടുകൾക്കെതിരായിട്ട് മുന്നോട്ടേക്ക് പോകാൻ നമുക്ക് സാധിക്കേണ്ടതുണ്ട്” ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.



