KeralaNews

മാസപ്പടി കേസ്; ഇഡി അന്വേഷണം മുഹമ്മദ് റിയാസിലേക്കും; പണമിടപാടുകൾ പരിശോധിക്കും

മാസപ്പടിക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)​. മുൻ പൊതുമരാമത്ത് മന്ത്രിയും വീണാ വിജയന്റെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസിന്റെ സാമ്പത്തിക ഇടപാടുകളും ഇഡി അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. വീണയ്ക്ക് സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണം എങ്ങനെയൊക്കെ വിനിയോഗിച്ചുവെന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇഡിയുടെ നടപടി. സിഎംആർഎൽ – എക്‌സാലോജിക് കരാറിൽ അഴിമതി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.

കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 2.78 കോടി രൂപ വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് കൈപ്പറ്റിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് കൃത്യമായ രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് സാധിച്ചിട്ടില്ല. രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്‌തെങ്കിലും നൽകിയ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് ഇഡി വിലയിരുത്തൽ. കരാറിൽ അസ്വാഭാവികത ഇല്ലെന്നാണ് വീണ വ്യക്തമാക്കിയത്.

എന്നാൽ ഈ മൊഴി ഇഡി വിശ്വാസത്തിലെടുത്തില്ല.2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് വീണയ്ക്ക് സിഎംആർഎല്ലിൽ നിന്ന് പണം ലഭിച്ചത്. 2020 ജൂണിലായിരുന്നു മുഹമ്മദ് റിയാസുമായുള്ള വീണയുടെ വിവാഹം. വിവാഹശേഷം ഈ പണം ഏതൊക്കെ തരത്തിൽ വിനിയോഗിച്ചുവെന്നതിലാണ് ഇഡിക്ക് സംശയം. ഇതിൽ വ്യക്തത വരുത്താനാണ് മുഹമ്മദ് റിയാസിന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടത്തുന്നത്.

ഇരുവരുടെയും അക്കൗണ്ടുകൾ തമ്മിൽ പണമിടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കുമെന്നാണ് വിവരം.അന്വേഷണത്തിൽ അഴിമതി നിരോധന നിയമത്തിന്റെ സാദ്ധ്യകളും പരിശോധിക്കുന്നുണ്ട്. ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎം‌ആർ‌എല്ലിന് സർക്കാരിൽ നിന്ന് ലഭി‌ച്ച‌ വഴിവിട്ട സഹായങ്ങളാണ്‌ വീണയ്‌ക്ക് നൽകിയ മാസപ്പടിക്ക് പിന്നിലെന്ന നിഗമനമാണ് ഇഡിയ്‌ക്കുള്ളതെന്നാണ് വിവരം. ഇതിലൂന്നിയുള്ള അന്വേഷണമാകും നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button