KeralaNews

മാസപ്പടി കേസ്; ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്, വീണയുടെ ചോദ്യം ചെയ്യുന്നതില്‍ നിര്‍ണായകമാകും

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ ഭാഗമായുള്ള 134 രേഖകളാണ് ഇഡിക്ക് ലഭിച്ചത്. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ നിന്നും അത് ലഭിക്കാൻ താമസം നേരിട്ടിരുന്നു. പിണറായി വിജയന്‍റെ മകള്‍ വീണയെ രണ്ടാമത് ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും. ഈ മാസം 29 ന് വീണയെ വീണ്ടും ചോദ്യം ചെയ്യും. എക്സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്ക് നൽകിയ സേവനങ്ങളുടെ കൂടുതൽ വിശദാംശങ്ങളുമായി ഹാജരാകാനാണ് നിർദ്ദേശം.

ജൂൺ 17 ന് നടത്തിയ ചോദ്യം ചെയ്യലിന്‍റെ തുടർച്ചയാണ് ഈ മാസം 29 ലെ ചോദ്യം ചെയ്യലെന്നാണ് ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. ആദ്യ ചോദ്യ ചെയ്യലിൽ പല രേഖകളും ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്നാണ് ഇഡിയോട് വീണ ആവശ്യപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 29 ലെ ചോദ്യം ചെയ്യൽ. നേരത്തെ ഹാജരായപ്പോൾ വീണ നൽകിയ അക്കൗണ്ട് വിശദാംശങ്ങലും കരാർ രേഖകളും ഇഡി പരിശോധിച്ചു. ഇതിന്‍റെ തുടർച്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ലോക്കർ അടക്കം തുറന്ന പരിശോധന നടത്തി. വീണയുടെ ചോദ്യം ചെയ്യലിന് തുടർച്ചയായി സിഎംആർഎൽ, എംപവർ ഇന്ത്യ ക്യാപ്റ്റിൽ എന്നീ കമ്പനികളുടെ ഡയറക്ടർമാരായ കർത്ത കുടുംബത്തെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് തുടർന്നടപടികൾ.

കരിമണൽ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിന്‍റെ സുപ്രധാന വിവരങ്ങളുള്ള തെളിവുകളെല്ലാം വെച്ചുള്ള ചോദ്യം ചെയ്യൽ വീണയ്ക്ക് നിർ‍ണായകമാണ്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡി കടക്കുമോ എന്നും വ്യക്തമല്ല. അന്വേഷണ പുരോഗതി ഇഡി ഡയറക്ടർ രാഹുൽ നവീൻ നേരിട്ട് വിലയിരുത്തുന്നതിനാൽ ഡയറക്ടേറ്റിന്‍റെ തീരുമാനങ്ങളും നിർണായകമാകും. 2024 ൽ ആരംഭിച്ച അന്വേഷണത്തിനിടയിൽ ആരുടെയും അറസ്റ്റ് ഇതുവരെ ഇഡി രേഖപ്പെടുത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button