
കെഎസ്ആർടിസിക്ക് കോടികൾ വരുമാനം നേടിക്കൊടുത്തിരുന്ന കൊറിയർ സർവീസ് താൽക്കാലികമായി നിർത്തലാക്കി. നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആന്ധ്രാപ്രദേശിലെ സിംഘു സൊല്യൂഷൻസിന് സേവനം മതിയാക്കാൻ കെഎസ്ആർടിസി നോട്ടീസ് നൽകി. സർവീസ് അവസാനിപ്പിച്ചതോടെ കൊറിയർ ബുക്ക് ചെയ്യുന്നത് നിർത്തിവച്ചു. സർവീസ് മോശമാണെന്ന പരാതി വ്യാപകമായി ഉയർന്നതോടെയാണ് കെഎസ്ആർടിസിയുടെ നടപടി. പുതിയ ടെൻഡർ ഉടൻ ക്ഷണിക്കുമെന്നാണ് വിവരം.
പദ്ധതി ആരംഭിച്ച സമയത്ത് കെഎസ്ആർടിസിയുടെ മേൽനോട്ടത്തിലായിരുന്നു നടത്തിപ്പ്. ഈ സമയത്ത് മികച്ച വരുമാനം ഖജനാവിലെത്തിയിരുന്നു. എന്നാൽ പിന്നീട് കൂടുതൽ പ്രൊഫഷണലാകാൻ വേണ്ടിയാണ് നടത്തിപ്പ് സ്വകാര്യ കമ്പനിയെ എൽപ്പിച്ചത്. എന്നാൽ പ്രവർത്തനം പിന്നീട് താളം തെറ്റുകയായിരുന്നു. 19.85 ശതമാനം കമ്മിഷനിൽ അഞ്ച് വർഷത്തേക്കായിരുന്നു സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത്.
കാര്യക്ഷമത കൂട്ടാൻ പിക്ക് അപ്പ്, ഡോർ ഡെലിവറി സംവിധാനങ്ങൾ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും പരീക്ഷണമല്ലാതെ 11 മാസം കഴിഞ്ഞിട്ടും യാതൊന്നും നടന്നില്ല. സ്വകാര്യ കമ്പനിയുടെ ബില്ലിംഗ് സോഫ്ട്വെയർ ഉപയോഗിക്കുന്നതിനാൽ കെഎസ്ആർടിസിക്ക് നിലവിൽ യഥാർത്ഥ കളക്ഷൻ വിവരവും ലഭ്യമല്ല. ടിക്കറ്റിതര വരുമാനത്തിൽ കോർപ്പറേഷന് വലിയ ലാഭം നേടിക്കൊടുത്ത പദ്ധതിയാണ് ഇപ്പോൾ തകർന്നടിഞ്ഞത്. സ്വകാര്യവത്കരണം മാറ്റി കോർപ്പറേഷൻ നേരിട്ട് നടത്തിയാൽ പദ്ധതി നല്ല രീതിയിൽ മുന്നോട്ടുപോകുമെന്നാണ് ജീവനക്കാർ പറയുന്നത്.



