NationalNews

അറബിക് റെസ്റ്ററന്റുകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം; എന്‍ഐഎക്ക് കത്ത് നല്‍കി ബിജെപി

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അറബിക് റെസ്റ്ററന്റുകളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി. ബിജെപി തൃശൂര്‍ ജില്ലാ ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ പ്രസീദ് ദാസാണ് ഇത് സംബന്ധിച്ച് എന്‍ഐഎ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. അറബിക് റെസ്റ്ററന്റുകളുടെ സാമ്പത്തിക സ്രോതസും രാജ്യവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാണ് ആവശ്യം. നോട്ട് നിരോധനത്തിന് ശേഷം തുടങ്ങിയ ഹോട്ടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.

ചുരുങ്ങിയ കാലയളവിനുള്ളില്‍ വന്‍തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമുള്ള ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാനത്തുടനീളം ആരംഭിച്ചത് സംശയാസ്പദമാണെന്നും ഇതില്‍ വിദേശ ഫണ്ടുകളുടെ പങ്ക് പരിശോധിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ഈ റെസ്റ്ററന്റുകള്‍ക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു.

കൂടാതെ, ഈ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നത് പരിശോധിക്കണം. വിഷു ആഘോഷങ്ങള്‍ക്കിടെ ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തില്‍ ചില റെസ്റ്ററന്റുകള്‍ ഏര്‍പ്പെട്ടതായും പരാതിയില്‍ ആരോപിക്കുന്നു. സുതാര്യമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button