NationalNews

മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം’; അസമിൽ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ അധികാരമേറ്റു

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ രണ്ടാം തവണയാണ് ഹിമന്ത അസം മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളേജ് മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിർമ്മല സീതാരാമൻ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവർ പങ്കെടുത്തു.

അസം ഗണ പരിഷത്ത് അധ്യക്ഷനും ബോക്കാഖാട്ട് എംഎൽഎയുമായ അതുൽ ബോറ, ബിപിഎഫിന്റെ പ്രതിനിധി ചരൺ ബോറോ, മുൻ കേന്ദ്രമന്ത്രിയും ചായത്തോട്ടം തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള നേതാവുമായ രാമേശ്വർ തേലി, അസമിലെ ആദ്യ വനിതാ ധനമന്ത്രിയും ഗോലാഘട്ട് എംഎൽഎയുമായ അജന്ത നിയോഗ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ​ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

126 അംഗ അസം നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം മൂന്നാം തവണയും അധികാരം നിലനിർത്തിയത്. ബിജെപി തനിച്ച് 82 സീറ്റുകൾ നേടി. സഖ്യകക്ഷികളായ അസം ഗണ പരിഷത്തും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും 10 സീറ്റുകൾ വീതം നേടി. മുതിർന്ന ബിജെപി നേതാവ് രഞ്ജിത് കുമാർ ദാസ് നിയമസഭ സ്പീക്കറാകുമെന്നാണ് സൂചന. നേരത്തെ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രിയായും ബിജെപി സംസ്ഥാന അധ്യക്ഷനായും രഞ്ജിത് കുമാർ പ്രവർത്തിച്ചിട്ടുണ്ട്. കോൺ​ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വ ശർമ്മ 2015 ലാണ് ബിജെപിയിൽ ചേർന്നത്.

Himanta Biswa Sarma takes oath as for Assam CM for second term

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button