
മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തിയ സംഭവത്തില്‍ മുതിര്‍ന്ന നേതാവ് സി ദിവാകരനോട് വിശദീകരണം തേടാന്‍ സിപിഐ. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ശിവസേനയെ പുകഴ്ത്തി സംസാരിച്ചതിലും സി ദിവാകരന്‍ വിശദീകരണം നല്‍കേണ്ടി വരും. (cpi show cause notice to c divakaran for praising cm vd satheesan)
സിപിഐയുടെ മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചത് സിപിഐയ്ക്കുള്ളില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ വിവാദം ചര്‍ച്ച ചെയ്ത ശേഷമാണ് സി ദിവാകരനില്‍ നിന്ന് വിശദീകരണം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗമാണ് സി ദിവാകരന്‍. പ്രായപരിധി മാനദണ്ഡത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ നേതൃസമിതികളില്‍ നിന്ന് ഒഴിവാക്കിയത്. പ്രഭാത് ബുക്‌സിന്റെ ചെയര്‍മാന്‍ പദവി കൂടി അദ്ദേഹം വഹിക്കുന്നുണ്ട്.
സി ദിവാകരന്‍ ഈ അടുത്ത കാലത്തായി നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതായാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. സിപിഐയ്ക്ക് ഒരിക്കലും യോജിക്കാനാകാത്ത രാഷ്ട്രീയമുള്ള ശിവസേനയെ വരെ സി ദിവാകരന്‍ പ്രശംസിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ശിവസേന ഉദ്ദവ് വിഭാഗം സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു.



