KeralaNews

പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം വിവാദം ; വിശദീകരണവുമായി കളക്ടർ

സ്ട്രോങ്ങ് റൂം തുറന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് പാലക്കാട് ജില്ലാ കളക്ടർ. പാലക്കാട് ജില്ലയിലെ 059- നെന്മാറ നിയോജക മണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം (ലൈബ്രറി ബ്ലോക്ക്, ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്) തുറന്നതായുള്ള വാർത്ത ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിന്‍റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും വോട്ട് രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമോ അനുബന്ധമായ മറ്റേതെങ്കിലും റൂമുകളൊ തുറന്നിട്ടില്ലായെന്ന് കണ്ടെത്തിയിട്ടുള്ളതായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കളക്ടർ അറിയിച്ചു.

സ്ട്രോങ്ങ് റൂം സജ്ജീകരിച്ചിട്ടുള്ള കെട്ടിടത്തിൽ തന്നെ മറ്റു തെരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിച്ചിരുന്ന മുറി ക്രമീകരിച്ചിട്ടുണ്ട്. വോട്ടെണ്ണലിനു മുന്നോടിയായി എൻകോർ ഡാറ്റ തയ്യാറാക്കുന്നതിനാണ് ഇത്തരത്തിൽ ഈ മുറി തുറക്കുന്നതിനായി വരണാധികാരി എല്ലാ സ്ഥാനാർത്ഥികൾക്കും കത്ത് മുഖേന മുൻകൂട്ടി അറിയിപ്പ് നൽകിയത്. ഇലക്ഷൻ കമ്മീഷന്‍റെ ആർ ഒ മാനുവൽ പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഇതേ ദിവസം രാവിലെ തന്നെ സ്ഥാനാർത്ഥികളുടെ പ്രതിനിധികളും വീഡിയോഗ്രാഫി ടീമുകളും പ്രസ്തുത കേന്ദ്രത്തിൽ സന്നിഹിതരാവുകയും ചെയ്തിരുന്നു.

എന്നാൽ, ഇത് സംബന്ധിച്ച് തെറ്റായ വാർത്തകൾ പരന്ന സാഹചര്യത്തിൽ പ്രസ്തുത മുറി തുറക്കേണ്ടതില്ലായെന്ന് ചീഫ് ഇലക്ട്രൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ റിട്ടേണിങ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ വോട്ടെണ്ണലിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള കേന്ദ്രങ്ങളിലെ യാതൊരു മുറികളും ചീഫ് ഇലക്ട്രൽ ഓഫീസിൽ നിന്നുള്ള നിർദ്ദേശമില്ലാതെ തുറക്കേണ്ടതില്ല എന്ന് എല്ലാ വരണാധികാരികൾക്കും ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button