
തമിഴ്നാട്ടിൽ ടാസ്മാക് മദ്യവിൽപന ശാലകളോട് ചേർന്ന് പ്രവർത്തിക്കുന്ന ബാറുകൾ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. നിലവിലുണ്ടായിരുന്ന ലൈസൻസ് കാലാവധി ജൂൺ 30-ഓടെ അവസാനിച്ച സാഹചര്യത്തിലാണ് ബാറുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടത്. സംസ്ഥാനത്തുടനീളമുള്ള ഏകദേശം 2,320 ബാറുകളെയാണ് ഈ തീരുമാനം നേരിട്ട് ബാധിച്ചിരിക്കുന്നത്.
പുതിയ ടെൻഡറുകൾ ക്ഷണിച്ചായിരിക്കും ഇനി ബാറുകൾക്ക് ലൈസൻസ് നൽകുക. കഴിഞ്ഞ ദിവസം മദ്യനിരോധന – എക്സൈസ് വകുപ്പ് മന്ത്രി കെ വിഘ്നേഷിന്റെ സാന്നിധ്യത്തിൽ ചേർന്ന ബോർഡ് യോഗത്തിൽ ആണ് ഇതുസംബന്ധിച്ച് നിർണായക തീരുമാനമുണ്ടായത്. പുതിയ ടെൻഡർ അനുമതിയാകുന്നതു വരെ നിലവിലെ ബാറുകൾ താൽക്കാലികമായി അടയ്ക്കുന്നതിനാൽ സർക്കാരിന് പ്രതിമാസം 400 കോടി രൂപയുടെ വരെ വരുമാന നഷ്ടം ഉണ്ടായേക്കാമെന്നാണ് ടാസ്മാക് വൃത്തങ്ങൾ നൽകുന്ന സൂചന. മാത്രമല്ല വരാനിരിക്കുന്ന പുതിയ ടെൻഡർ വ്യവസ്ഥകളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനും തമിഴ്നാട് സർക്കാർ പദ്ധതിയിടുന്നുണ്ട്.
ബാറുകൾ പൂട്ടിയതോടെ മദ്യശാലകൾക്ക് മുന്നിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് ജീവനക്കാർ. പല ഉപഭോക്താക്കളും മദ്യം വാങ്ങി വീട്ടിലേക്ക് കൊണ്ടുപോകാൻ താല്പര്യപ്പെടാത്തവരാണ്. ബാറുകൾ ഇല്ലാത്തതിനാൽ ഇവർ കടകൾക്ക് മുന്നിൽ വെച്ച് തന്നെ മദ്യപിക്കാൻ സാധ്യതയുണ്ടെന്നും ഇത് പൊതുശല്യമായി മാറുമെന്നും ചില ടാസ്മാക് ജീവനക്കാർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.



