
സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11 വര്‍ഷത്തിനു ശേഷം വിചാരണ നടപടികള്‍ക്ക് തുടക്കമാകുന്നു. നവംബര്‍ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി കേസിന്റെ വിചാരണ ആരംഭിക്കും. ആദ്യദിനം കേസിലെ ഒന്നാം സാക്ഷിയും മുന്‍ നിയമസഭാ സെക്രട്ടറിയുമായ ശാരംഗധരനെ കോടതി വിസ്തരിക്കും. മുന്‍ എംഎല്‍എമാരായ വി.ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് മ്യൂസിയം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രധാന പ്രതികള്‍.
2015 മാര്‍ച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്തുന്നതിനിടെ സഭയ്ക്കുള്ളില്‍ അക്രമം അഴിച്ചുവിടുകയും 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് പൊതുമുതല്‍ നശീകരണ നിയമപ്രകാരം പൊലീസ് കേസ്. സ്പീക്കറുടെ വേദിയില്‍ അതിക്രമിച്ചുകയറി കസേര, കംപ്യൂട്ടറുകള്‍, മൈക്ക്, ഇലക്ട്രോണിക് പാനലുകള്‍ എന്നിവ തകര്‍ത്ത് 2,20,093 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ്.
കേസ് പിന്‍വലിക്കാന്‍ എല്‍ഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹര്‍ജികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് 2021 ജൂലൈയില്‍ സുപ്രീം കോടതിയും കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തുടരന്വേഷണം പൂര്‍ത്തിയാക്കി 81 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പുതിയ വിവരങ്ങളില്ലാത്തതിനാല്‍ മുന്‍പ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാകും വിചാരണ നടപടികള്‍ തുടരുക.



