NationalNews

ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിനോട് വാഗ്വാദത്തിൽ ഏർപ്പെടുന്ന ആര്യ രാജേന്ദ്രൻ

കേരളത്തിൽ യുഡിഎഫ് സർക്കാരിനെതിരെ ഡിവൈഎഫ്ഐ–സിപിഎം നേതാക്കൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുമ്പോൾ കേരളത്തിൽനിന്നുള്ള യുവ നേതാക്കൾ രാജ്യതലസ്ഥാനത്തു പ്രതിഷേധിക്കാൻ ഇറങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഡൽഹിയിൽ ജന്തർ മന്തറിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും മുൻ എംഎൽഎയുമായ സച്ചിൻ ദേവ്, ജെയ്ക് സി. തോമസ് അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. നേതാക്കളെ ഡൽഹി പൊലീസ് സമരസ്ഥലത്തുനിന്ന് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഏറെ നേരം പിടിവലി നടത്തിയശേഷമാണ് ഇവരെ പൊലീസിന് വാഹനത്തിൽ കയറ്റാനായത്.

പ്രതിഷേധിച്ചവർ ഡൽഹി ഫിറോസ് ഷാ റോഡ്, കാനിങ് റോഡ് എന്നിവിടങ്ങളിൽ സംഗമിച്ചശേഷം മറ്റു സംസ്ഥാനങ്ങളിലെ പ്രവർത്തകർക്കൊപ്പം ജന്തർ മന്തറിലേക്ക് എത്തുകയായിരുന്നു. സിപിഎം നേതാവ് വൃന്ദ കാരാട്ട്, എ.എ. റഹിം എംപി എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി. ജന്തർ മന്തറിനു സമീപം എത്തുമ്പോൾ മറ്റു സംഘടനകളുടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്ന തിരക്കിലായിരുന്ന പൊലീസ് ആദ്യം ഇവരെ ശ്രദ്ധിച്ചില്ല.

എ.എ. റഹിം എംപി, ജെയ്ക് സി. തോമസ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു വാഹനത്തിൽ കയറ്റിയെങ്കിലും പിന്നാലെ എത്തിയ ഒട്ടേറെ ആളുകളെ ഒരുമിച്ച് കസ്റ്റഡിയിലെടുക്കാൻ പൊലീസ് നന്നേ ബുദ്ധിമുട്ടി. ഇതിനിടെ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് ഉൾപ്പെടെയുള്ളവർ നീക്കം ചെയ്യാനെത്തിയ പൊലീസുമായി പിടിവലി നടത്തി. ഏറെ ബുദ്ധിമുട്ടിയശേഷമാണ് പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button